കോയമ്പത്തൂര്‍. ഉക്കടം സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടെ അറസ്റ്റില്‍. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിന്റെ ബന്ധുവായ അഫ്‌സര്‍ ഖാനെയാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്നും ലാപ്‌ടോപ് പിടിച്ചെടുത്തിരുന്നു. ചാവേറാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലാപ്‌ടോപ്പില്‍ നിന്നും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പോലീസ് നടത്തിയ പരിശോധനയില്‍ മുബിന്റെ വീട്ടില്‍ നിന്നും 75 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. പ്രതികള്‍ക്കെതിരെ പോലീസ് യുഎപിഎ ചുമത്തി. വന്‍ സ്‌ഫോടന പരമ്പരയ്ക്കാണ് ഇവര്‍ പദ്ധതിയിട്ടതെന്നാണ് പോലീസ് പറയുന്നത്. മുബിന്റെ വീട്ടില്‍ നിന്നും ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ഫയല്‍ ലഭിച്ചിരുന്നു.
അതേസമയം സ്‌ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. കേസിലെ ഗൗരവം കണക്കിലെടുത്താണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി. മുഖ്യമന്ത്രി സ്റ്റാലിന്‍ ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. മുഖ്യമന്ത്രി സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം എന്‍ഐഎ സ്‌ഫോടനം നടന്ന സ്ഥലം പരിശോധിച്ചു. കേസില്‍ അറസ്റ്റിലായ അഞ്ച് പേര്‍ക്കെതിരെ പോലീസ് യുഎപിഎ ചുമത്തി. സ്‌ഫോടനം ചാവേര്‍ ആക്രമണമായിരുന്നുവെന്ന സൂചനകള്‍ക്കിടെയാണ് കേസ് അന്വേഷണം എന്‍ഐഎയ്ക്ക് നല്‍കുവാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.