വിദ്യാര്‍ത്ഥിയെ സ്‌റ്റോപ്പില്‍ ഇറക്കിയില്ല… സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് കളക്ടര്‍ കൊടുത്തത് എട്ടിന്റെ പണി,10 ദിവസം ശിശുഭവനില്‍ പണിയെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം : സ്വകാര്യ ബസുകാര്‍ക്ക് വിദ്യാര്‍ത്ഥികളെ കാണുന്നതേ ആകെ അസ്വസ്ഥതയാണ്. വിദ്യാര്‍ത്ഥിയെ സ്‌റ്റോപ്പില്‍ ഇറക്കാതെ പോയ സ്വകാര്യ ബസിന്റെ കണ്ടക്ടര്‍ക്ക് കട്ടപ്പണി കൊടുത്ത് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്.

കണ്ടക്ടറെക്കൊണ്ട് 10 ദിവസം ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യിക്കണമെന്നാണ് കളക്ടറുടെ ഉത്തരവ്. കളക്ടറുടെ ഈ തീരുമാനനത്തെ കയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Loading...

കളക്ടറുടെ കുറിപ്പ് ഇങ്ങനെ…:

മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്‌റ്റോപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയില്‍ മലപ്പുറം ആര്‍.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആര്‍.ടി. ഒ ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് .

ബസ് കണ്ടക്ടര്‍ 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നല്‍കുകയും ഇതിനായി 25/07/2019ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് .

പ്രസ്തുത കാലയളവില്‍ ഇദ്ദേഹം ശിശുഭവന്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണ് .

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം…