തൃശൂര്‍. പൊളിറ്റിക്കല്‍ സയന്‍സ് താല്‍ക്കാലിക അധ്യാപക തസ്തികയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ നിയമിക്കാന്‍ കേരളവര്‍മ കോളജില്‍ റാങ്ക് പട്ടിക 6 മാസമായി പിടിച്ചുവച്ചിരിക്കുന്നു. സിപിഎമ്മുകാരനായ ഉദ്യോഗാര്‍ഥി രണ്ടാമതായിപ്പോയതിനാല്‍ റാങ്ക് പട്ടിക വകുപ്പുമേധാവി ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണ്. ഇത് സംന്ധിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ സബ്ജക്ട് എക്‌സ്പര്‍ട്ടായ അധ്യാപിക ചാന്‍സലറായ ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കും പരാതി നല്‍കി. അധ്യാപക തസ്തികയിലേക്ക് നടന്ന അഭിമുഖത്തിലെ ക്രമക്കേടും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍, അധ്യാപിക പക്ഷപാതപരമായി ചോദ്യങ്ങള്‍ ചോദിച്ചെന്ന ആക്ഷേപമുണ്ടെന്നു പ്രിന്‍സിപ്പല്‍ വിശദീകരിച്ചതാണ് അഭിമുഖത്തിലെ വിശദാംശങ്ങള്‍ സഹിതം പരാതി നല്‍കാന്‍ അധ്യാപികയെ നിര്‍ബന്ധിതയാക്കിയത്. കഴിഞ്ഞ മേയ് 28നായിരുന്നു അഭിമുഖം. വകുപ്പു മേധാവി, സബ്ജക്ട് എക്‌സ്പര്‍ട്, മുതിര്‍ന്ന അധ്യാപകന്‍, പ്രിന്‍സിപ്പല്‍ എന്നിവരായിരുന്നു ഇന്റര്‍വ്യൂ പാനലില്‍. രണ്ടാം റാങ്ക് ലഭിച്ച ഉദ്യോഗാര്‍ഥിയോട് വകുപ്പുമേധാവി ഒരു ചോദ്യം പോലും ചോദിക്കാതെ പരമാവധി മാര്‍ക്ക് നല്‍കിയെന്ന് അധ്യാപിക കുറ്റപ്പെടുത്തുന്നു.
താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉദ്യോഗാര്‍ഥിക്ക് കൃത്യമായ ഉത്തരം നല്‍കാനുമായില്ല. റാങ്ക് പട്ടികയില്‍ രണ്ടാമതായ ഉദ്യോഗാര്‍ഥിയെ എടുക്കണമെന്നു വകുപ്പുമേധാവി നിര്‍ബന്ധിച്ചെന്നും അതിനു വഴങ്ങിയില്ലെന്നും പരാതിയില്‍ പറയുന്നു. പാനലിലുള്ള മറ്റുള്ളവര്‍ ഒപ്പിട്ടെങ്കിലും വകുപ്പുമേധാവി പിന്നീട് ഒപ്പു വയ്ക്കാമെന്നു പറഞ്ഞ് ഇറങ്ങിപ്പോയി. റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ ഉദ്യോഗാര്‍ഥിയെ കേരളവര്‍മ കോളജില്‍ നിന്നു വിളിച്ച് മറ്റൊരു കോളജില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു.
അതിനിടെ, ഗെസ്റ്റ് അധ്യാപക നിയമനം വൈകുന്നെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ അധ്യാപകരെ ഉപരോധിച്ചു. സ്റ്റാഫ് കൗണ്‍സില്‍ യോഗം നടക്കുമ്പോഴായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പോലീസെത്തി ചര്‍ച്ച നടത്തി. കോളജ് മാനേജ്‌മെന്റ് ആയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധിയും അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികളും തിങ്കളാഴ്ച യോഗം ചേര്‍ന്നു നിയമന നടപടി വേഗത്തിലാക്കാന്‍ തീരുമാനിച്ചതോടെയാണു സമരക്കാര്‍ പിന്‍മാറിയത്.