പ്രസവ വേദന തുടങ്ങിയപ്പോൾ ഇതൊക്കെ സാധാരണമെന്ന് മറുപടി നൽകി നഴ്സുമാർ: ​ഗർഭിണി ടോയ്ലറ്റിലേക്ക് പോയപ്പോൾ പ്രസവം നടന്ന് കുഞ്ഞ് നിലത്തു വീണു: കൊല്ലം ഇഎസ്ഐ ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ നവജാതശിശുവിന് ഗുരുതര പരിക്കേറ്റതായി പരാതി

കൊല്ലം: ഇഎസ്ഐ ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ നവജാതശിശുവിന് ഗുരുതര പരിക്കേറ്റതായി ആരോപണം. കൊല്ലത്തെ ഇഎസ്ഐ ആശുപത്രിക്കെതിരെയാണ് പരാതി. പൂർണ്ണ ഗര്‍ഭിണിയായ യുവതിയെ ലേബര്‍ റൂമിലേക്ക് മാറ്റുകയോ ‍ഡോക്ടറെത്തി പരിശോധിക്കുകയോ ചെയ്തില്ലെന്ന് ബന്ധുക്കൾ പറയുന്നു. പ്രസവ വേദന തുടങ്ങി രക്തംപോകുന്ന അവസ്ഥയിലായിരുന്നു യുവതി.

‌പരിശോധനകൾക്കായി കഴിഞ്ഞ ദിവസം ഇഎസ്ഐ ആശുപത്രിയിലെത്തിയ ഉളിയക്കോവില്‍ സ്വദേശി വിജിയെയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. യുവതി ടോയ്ലെറ്റിലേക്ക് നടന്നുപോകുമ്പോൾ പ്രസവം നടക്കുകയും കുഞ്ഞ് നിലത്ത് വീഴുകയും ചെയ്തു. കുഞ്ഞിന്‍റെ ആരോഗ്യനില മോശമായതോടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ. യുവതിയെ അഡ്മിറ്റ് ചെയ്ത ദിവസം രാത്രിയോടെ പ്രസവ വേദന തുടങ്ങുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ ഉടൻതന്നെ വിവരം അറിയിച്ചു. ഇതൊക്കെ സാധാരണമെന്നായിരുന്നു നഴ്സുമാരുടെ മറുപടി. വേദന കൂടിയിട്ടും അലറിക്കരഞ്ഞിട്ടും ആരും എത്തിയില്ലെന്ന് വിജിയുടെ അമ്മ വ്യക്തമാക്കി. ഇതിനിടയിൽ ടോയ്ലെറ്റിലേക്ക് നടന്നുപോകുമ്പോൾ യുവതി പ്രസവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസിലും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

Loading...

നിലത്തുവീണ കുട്ടിയെ ഡോക്ടർ പരിശോധിച്ചത് അരമണിക്കൂറിന് ശേഷമാണ്. ഡോക്ടര്‍ പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ചെങ്കിലും അല്‍പ സമയത്തിനുശേഷം കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വരുകയും ഹൃദയമിടിപ്പില്‍ വ്യത്യാസം ഉണ്ടാവുകയും ചെയ്തുവെന്ന് കുടുംബം പരാതിപ്പെടുന്നു. അതേസമയം, വീഴ്ചയില്‍ കുട്ടിക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇഎസ്ഐ ആശുപത്രി അധികൃതരുടെ വിശദീകരണം.