സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനെതിരെ പരാതി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ പരാമർശത്തിലാണ് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയത്. എംവി ജയരാജന്റെ പ്രസ്താവന കലാപമുണ്ടാക്കണമെന്ന ദുഷ്ടലാക്കോടെയാണെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.പന്തീരാണ്ട് കാലം പട്ടിയുടെ വാല് കുഴലിലിട്ടാലും നേരെയാകില്ലെന്നും, ഇതുപോലെ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെ എത്രകാലം കുഴലിലിട്ടാലും നേരെയാക്കാൻ കോൺഗ്രസിനാകില്ലെന്നുമായിരുന്നു എം.വി. ജയരാജന്റെ പരാമർശം.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരൻറെ പരാമർശത്തിൽ കേസെടുത്തതിനെക്കുറിച്ച് ഒരു വാർത്താ മാധ്യമത്തിൽ പ്രതികരിക്കവെയായിരുന്നു എം വി ജയരാജന്റെ പ്രതികരണം. ധിക്കാരവും അധിക്ഷേപവുമാണ് കെ സുധാകരൻറെ മുഖമുദ്ര. താൻ കഴിഞ്ഞേയുള്ളു മറ്റാരും എന്നതാണ് സുധാകരൻറെ നിലപാടെന്നും ജയരാജൻ കുറ്റപ്പെടുത്തിയിരുന്നു. എൽ.ഡി.എഫിന് അനുകൂല സാഹചര്യമാണ് തൃക്കാക്കരയിൽ. വികസനവും ക്ഷേമവും ഒപ്പം മികച്ച സ്ഥാനാർത്ഥിയും എല്ലാം ചേരുന്നതാകും വിജയം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സീറ്റ് വർധിക്കുകയാണ് ചെയ്തതെന്നും എം.വി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.