ചെന്നൈ. തായ്ലന്ഡില് ജോലിക്കായി എത്തിയ ഇന്ത്യക്കാരെ തടവിലാക്കി സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുന്നതായി പരാതി. 300-ല്‍ അധികം ഇന്ത്യക്കാരെയാണ് ഇത്തരത്തില്‍ തടവിലാക്കിയിരിക്കുന്നത്. തായ്ലാന്ഡില് ജോലിക്കായി എത്തിയവരെ മ്യാന്മറിലേക്ക് തട്ടിക്കൊണ്ട് പോയ ശേഷമാണ് സംഘം ഇത്തരം കുറ്റ കൃത്യങ്ങള്‍ ചെയ്യിപ്പിക്കുന്നത്.
മ്യാന്മറിലെ മ്യാവാഡിയിലാണ് സംഘം ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയി പാര്‍പ്പിച്ചിരിക്കുന്നത്. മ്യാന്മര് സര്‍ക്കാരിന്റെ അധീനതയില്ലാത്തതും വംശീയ സായുധ ഗ്രൂപ്പുകളുടെ അധിപത്യമുള്ളതുമായ സ്ഥലമാണ് മ്യാവാഡി. അതേസമയം തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കള്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം കാത്തിരിക്കുകയാണ്. തങ്ങളുടെ കുട്ടികളെ ഉടന്‍ രക്ഷിക്കണമെന്ന് ഇത്തത്തില്‍ ബന്ധികളാക്കപ്പെട്ടവരുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു.
തടവിലാക്കപ്പെട്ടവരുട ബന്ധുക്കള്‍ക്ക് തട്ടിപ്പ് സംഘം സന്ദേശമയച്ചതോടെയാണ് വിവരം പുറത്ത് അറിയുന്നത്. തങ്ങളെ മോചിപ്പിക്കുവാന്‍ ആവശ്യമായത് ചെയ്യണമെന്ന് ബന്ദികള്‍ ആവശ്യപ്പെടുന്നു. ക്രൂരമായിട്ടാണ് ബന്ദികളോട് അക്രമികല്‍ പെരുമാറുന്നത്. ഇവരെ കൊണ്ട് 15 മണിക്കൂറുകളോളം ജോലി ചെയ്യിപ്പിക്കുകയും. ജോലി ചെയ്യുവാന്‍ സമ്മതിച്ചില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യും.
ദുബായില്‍ ഡേറ്റ എന്‍ട്രി ജോലി ലഭിച്ച തന്റെ മകന് ഇപ്പോള്‍ മ്യാന്മറില് തടവിലാണെന്ന് തമിഴ്നാട് സ്വദേശിയായ രാജ പറയുന്നു. ദുബായില്‍ നിന്നും കമ്പനി ഇയാളെ തായ്ലാഡിലേക്ക് അയക്കുകയായിരുന്നു. പിന്നീട് ഇയാളെ സംഘം തട്ടിക്കൊണ്ട് പോയി. മകനെ മോചിപ്പിക്കുവാന്‍ ആവശ്യമായത് ചെയ്യണമെന്ന് രാജ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. ഇതിനോടകം 30 ഇന്ത്യക്കാര്‍ അവിടെ നിന്നും രക്ഷപ്പെട്ടതായി രാജയുടെ മകന് പറയുന്നു.