യുവാവിന്റെ വിരല്‍ ആശുപത്രിയില്‍ നിന്ന് കാണാതായി, വിരല്‍ നഷ്ടപ്പെടാന്‍ കാരണം ജീവനക്കാരുടെ ലോകകപ്പ് ഭ്രാന്താണെന്ന് ഭാര്യ

 

ശസ്ത്രക്രിയ നടത്താനേല്‍പ്പിച്ച മുറിഞ്ഞുപോയ വിരലിന്റെ ഭാഗം ആശുപത്രിയില്‍ നിന്ന് കാണാതായി. ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാനിരുന്ന കെമിക്കല്‍ എഞ്ചിനീയറായ നീലോത്പല്‍ ചക്രബര്‍ത്തിയുടെ കൈവിരലാണ് ആശുപത്രിയില്‍ നിന്നും നഷ്ടപ്പെട്ടത്. ആശുപത്രിയിലെ ജീവനക്കാര്‍ ലോകകപ്പിലെ ഇന്ത്യ- ന്യൂസിലന്‍ഡ് സെമി കാണുന്ന തിരക്കിലായിരുന്നുവെന്നും തുന്നിച്ചേര്‍ക്കാനെത്തിച്ച വിരല്‍ ജീവനക്കാര്‍ സൂക്ഷിച്ചില്ലെന്നും ആരോപിച്ച് നീലോത്പലിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി.

ഇക്കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അപകടത്തെ തുടര്‍ന്നാണ് നിലോത്പല്‍ ചക്രബര്‍ത്തിയുടെ ഇടതുമോതിര വിരലിന്റെ മുകള്‍ ഭാഗം വേര്‍പെട്ടത്. അപകടം നടന്ന ഉടന്‍ തന്നെ ചക്രബര്‍ത്തിയെ ദക്ഷിണ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സഹപ്രവര്‍ത്തകരില്‍ ഒരാളാണ് മുറിഞ്ഞുപോയ വിരലിന്റെ ഭാഗവുമായി ആശുപത്രിയിലെത്തിയത്. ചക്രബര്‍ത്തിയുടെ ഭാര്യ മുറിഞ്ഞ വിരലിന്റെ ഭാഗം എമര്‍ജന്‍സി ഡസ്‌കില്‍ ഏല്‍പ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ശസ്ത്രക്രിയ നടത്താനുള്ളതാണെന്നു പറഞ്ഞാണ് വിരല്‍ ജീവനക്കാരെ ഏല്‍പിച്ചത്. താന്‍ വിരലുമായി ചെന്നപ്പോള്‍ ജീവനക്കാര്‍ എല്ലാവരും ടി.വിയില്‍ കളികാണുന്ന തിരക്കിലായിരുന്നുവെന്ന് ചക്രബര്‍ത്തിയുടെ ഭാര്യ പറയുന്നു.

വ്യാഴാഴ്ച രാവിലെ ചക്രബര്‍ത്തിയെ ശസ്ത്രക്രിയയുടെ നടപടിക്രമങ്ങള്‍ തുടങ്ങിയപ്പോഴാണ് വിരല്‍ നഷ്ടമായ വിവരം അധികൃതര്‍ അറിയുന്നത്. എന്നാല്‍, വിരലിന്റെ മുകള്‍ ഭാഗം തുന്നിച്ചേര്‍ക്കാന്‍ കഴിയുമായിരുന്നില്ലെന്ന വിശദീകരണമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നത്. അന്നേ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പൊലീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.