താന്‍ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചതാണെന്ന് ശോഭ സുരേന്ദ്രന്‍;താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലെ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ അവസാനിക്കുന്നിലല്. വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചതാണെന്നും താന്‍ പിഎസ് സി പന്തലിലേക്ക് വന്നത് സീറ്റ് കിട്ടാന്‍ വേണ്ടിയാണെന്ന് ചിലര്‍ പറയുന്നുണ്ടെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ ശോഭ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കുന്നത്.

”ഞാന്‍ സീറ്റ് കിട്ടാന്‍ വേണ്ടിയാണ് പിഎസ്‌സി സമരപ്പന്തലിലേക്ക് വന്നതെന്ന് ചിലര്‍ പറയുന്നത് കേട്ടു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കാനില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പേ സംസ്ഥാനനേതൃത്വത്തെ അറിയിച്ചതാണ്. ഇനി ഞാനേത് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. എവിടെ മത്സരിക്കാനാണ് താത്പര്യം എന്ന തരത്തിലുള്ള അഭ്യൂഹങ്ങളുടെയൊന്നും ആവശ്യമില്ലല്ലോ”, എന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്

Loading...

എന്നാല്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന വിവരം താനറഞ്ഞില്ലെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നത്. എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു. ”അവര്‍ എന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ പറഞ്ഞതേ എനിക്കറിയൂ. അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പ്രതികരിക്കേണ്ടതില്ല. എന്താണ് അവര്‍ പറഞ്ഞതെന്ന് നോക്കാം. തല്‍ക്കാലം പാര്‍ട്ടിയ്ക്ക് അകത്തെ കാര്യങ്ങളില്‍ ഞാന്‍ പരസ്യപ്രതികരണങ്ങള്‍ക്കില്ല. മത്സരിക്കുന്ന കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വമാണ്”, എന്ന് കെ സുരേന്ദ്രന്‍ പറയുന്നു.