വിഴിഞ്ഞം സംഘര്‍ഷം; നാല് സമരക്കാരെ പോലീസ് വിട്ടയച്ചു

തിരുവനന്തപുരം. തുറമുഖ സമരവുമായി ബന്ധപ്പെട്ട് വിഴിഞ്ഞത്ത് ഞായറാഴ്ച അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം അറസ്റ്റിലായ സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ മോചിപ്പിക്കാനെത്തിയവരാണ് ഈ നാലുപേര്‍. വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. സമവായ ചര്‍ച്ചകള്‍ ഇന്ന് തുടരും.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കളക്ടറുടെ ചേംബറിലാണ് ചര്‍ച്ച നടക്കുന്നത്. പ്രദേശത്ത് ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി ചര്‍ച്ച നടന്നിരുന്നു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍ എന്നിവരാണ് സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍ യോജിന്‍ എച്ച് പെരേരയുമായി കോര്‍പ്പറേഷന്റെ വിഴിഞ്ഞം മേഖല ഓഫിസില്‍ ചര്‍ച്ച നടത്തിയത്.

Loading...

കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകരെ വിട്ട് കിട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം. സമാധാനം പുനസ്ഥാപിക്കലാണ് ലക്ഷ്യം. മന്ത്രിമാരെ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പറഞ്ഞു. അതേസമയം പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പുതിയ കേസ് എടുക്കുമെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. നിലവില്‍ ക്രമസമാധാനാനില പുനസ്ഥാപിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്.