കോണ്‍ഗ്രസിന് ഇപ്പോള്‍ വയറുവേദനയാണ്; ദേശീയ പൗരത്വ നിയമത്തില്‍ പ്രതികരണവുമായി അമിത് ഷാ

ദേശീയ പൗരത്വ നിയമം നിലവില്‍ വന്നതിനെതിരെ രാജ്യം ഒന്നാകെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോള്‍ഗ്രസും ബിജെപി സര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം വന്നത് മുതല്‍ കോണ്‍ഗ്രസിന് വയറു വേദന ആണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.

രാജ്യത്തെ ഒരു വിഭാഗത്തെ പോലും ഈ ബില്‍ ബാധിക്കില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംസ്‌കാരം, ഭാഷ, സാമൂഹിക കാര്യങ്ങള്‍, രാഷ്ട്രീയാവകാശങ്ങള്‍ എന്നിവയെ ഈ ബില്‍ ഒരിക്കലും ബാധിക്കില്ല. എന്നാല്‍ നിയമം വന്നത് മുതല്‍ കോണ്‍ഗ്രസിന് വയറുവേദനയാണെന്നും, ആ രീതിയിലുള്ള പെരുമാറ്റങ്ങളാണ് ഉണ്ടാവുന്നതെന്നും അമിത് ഷാ പരിഹസിച്ചു. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Loading...

വടക്കുകിഴക്കന്‍ മേഖലയിലെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. പൗരത്വ ബില്ലിന്റെ പേരില്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുകയാണ.് അവര്‍ നിയമം കാരണം വയറുവേദന ഉണ്ടായെന്നും അമിത് ഷാ പറഞ്ഞു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ തന്നെ ഈ വിഷയത്തില്‍ കണ്ടിരുന്നു. അദ്ദേഹത്തിന് ഞാന്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം പൗരത്വഭേദഗതിനിയമത്തിനെതിരെ പ്രതിഷേധിച്ച മുന്‍ ഐ.എ.എസ്. ഓഫീസര്‍ കണ്ണന്‍ ഗോപിനാഥിനെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു പിന്നീട് വിട്ടയച്ചു.. കശ്മീരില്‍ ജനാധിപത്യം നിഷേധിക്കപ്പെട്ടു എന്നുചൂണ്ടിക്കാട്ടി ഐ.എ.എസ്.വിട്ട അദ്ദേഹം ഇരുപതോളംപേരുമായി മറൈന്‍ ഡ്രൈവിലെ അംബാസഡര്‍ ഹോട്ടലിനുമുന്നില്‍ പ്രതിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്ന് പിന്നീട് സോണ്‍ വണ്‍ പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ സംഗ്രാംസിങ് നിശാന്താര്‍ പറഞ്ഞു. 20 മിനിറ്റിനുശേഷം എല്ലാവരെയും വിട്ടയച്ചു.

എന്നാല്‍, അനധികൃതമായാണ് പോലീസ് തങ്ങളെ അറസ്റ്റുചെയ്തതെന്നും ഭരണഘടന വായിക്കാന്‍പോലും സമ്മതിച്ചില്ലെന്നും പ്രതിഷേധിക്കുന്നതിനു മുമ്ബുതന്നെ തങ്ങളെ അറസ്റ്റുചെയ്‌തെന്നും പിന്നീട് കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ പറഞ്ഞു.

അതേസമയം ദേശീയ പൗരത്വ ഭേദഗതി ബില്ല് കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹമാണ് കേന്ദ്ര ഗവണ്‍മെന്റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണ് ദേശീയ പൗരത്വ ഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. രാജ്യത്തിന്റെ ഭരണഘടനയുടെ അടിത്തറ തന്നെ മതേരത്വമാണ് എന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിക്കുന്നത് മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.