കോൺഗ്രസെന്നാൽ ചതിയന്മാരുടേയും ഒറ്റുകാരുടേയും കൂട്ടം- കേരളാ കോൺഗ്രസ്

കോട്ടയം: കോൺഗ്രസെന്നാൽ ചതിയന്മാരുടേയും ഒറ്റുകാരുടേയും കൂട്ടമാണെന്ന് കേരളാ കോൺഗ്രസ് മുഖപത്രം പ്രതിച്ഛായ. കപട സൗഹാര്‍ദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമാണെന്നും വിവാഹവേദിയില്‍ ഒത്തുകൂടിയവരെ കാണുമ്പോള്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും ലേഖനം പറയുന്നു.ബിജു രമേശിനെ ഉപജാപക സംഘം പിറകില്‍ നിന്ന് സഹായിച്ചുവെന്നും ഇവര്‍ ബിജു രമേശിന്റെ കല്യാണത്തിന് ഒത്തുകൂടിയെന്നും ലേഖനം ആരോപിക്കുന്നു. ബാബു തോറ്റതും മാണി ജയിച്ചതും ഒറ്റുകാരുടെ മുഖത്ത് മുഷ്ടി ചുരുട്ടിക്കിട്ടിയ ഇടിയാണെന്നും ലേഖനം പറയുന്നു.

ശത്രുവിനോട് കഷമിക്കണം എന്നാണ് ലോകഗുരുക്കന്‍മാര്‍ ഉപദേശിച്ചിട്ടുളളത് എന്നാല്‍ ശത്രുവൊരുക്കുന്ന വിരുന്നില്‍ കടന്നു ചെന്ന് അപഹാസ്യരാകണമെന്ന് ഒരു ഗുരുവും ഉദ്‌ബോധിപ്പിച്ചിട്ടില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പറ്റിയത് ഒരു അമളിയാണ്, സത്യം കളളച്ചിരി ചിരിച്ചു നില്ക്കുന്നതെങ്ങനെയെന്ന് ആളുകള്‍ക്ക് കണ്ടു ചിരിക്കാന്‍ പറ്റിയ ഒരു ദൃശ്യം അവര്‍ കേരളത്തിനു സമ്മാനിക്കുകയും ചെയ്തുവെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു.ബാര്‍ കോഴക്കേസില്‍ കെഎം മാണിയെ കുടുക്കി രാജി വെപ്പിച്ചുവെന്നും കെ ബാബുവിനെതിരെ ഉയര്‍ന്ന 10 കോടി കോഴ ആരോപണത്തേക്കാള്‍ മാണിക്കെതിരെ ഉയര്‍ന്ന ആരോപണം കടുത്താണെന്ന പ്രതീതി ഉണ്ടാക്കിയെന്നും ലേഖനം ആരോപിക്കുന്നു.

Loading...