കെജ്രിവാള്‍ മാജിക്കില്‍ കോണ്‍ഗ്രസിനേറ്റത് വന്‍ പരാജയം;സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം പോയി

ന്യൂഡല്‍ഹി: കെജ്രിവാള്‍ മാജിക്കില്‍ ഡല്‍ഹി ആംആദ്മി തൂത്തുവാരിയപ്പോള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസിനാണ്. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞില്ല എന്നത് വളരെ ഗൗരവത്തോടെ തന്നെ കോണ്‍ഗ്രസ് പരിശോധിക്കേണ്ടിയിരിക്കുന്നു. വെറും അഞ്ച് ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. 63 സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച തുക നഷ്ടമായി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് തുടര്‍ച്ചയായ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാനായില്ല.

കെട്ടിവച്ച തുക തിരിച്ചുകിട്ടുക മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് മാത്രം. ഗാന്ധിനഗറില്‍ മത്സരിച്ച അര്‍വിന്ദര്‍ സിങ് ലൗലി, ബദ്‌ലിയില്‍ ജനവിധി തേടിയ ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറിലെ സ്ഥാനാര്‍ഥി അഭിഷേക് ദത്ത് എത്തിവരാണ് കെട്ടിവച്ച തുക തിരിച്ചുപിടിച്ചത്. ഒരു മണ്ഡലത്തില്‍ പോള്‍ചെയ്ത ആകെ വോട്ടിന്റെ ആറിലൊന്നെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ മാത്രമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ ലഭിക്കുക. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മിക്കവര്‍ക്കും അഞ്ച് ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ മകള്‍ ശിവാനി ചോപ്ര (കല്‍ക്കാജി), ഡല്‍ഹി മുന്‍ നിയമസഭാ സ്പീക്കര്‍ യോഗാനന്ദ ശാസ്ത്രിയുടെ മകള്‍ പ്രിയങ്ക സിങ്, പാര്‍ട്ടി പ്രചാരണ സമിതി ചെയര്‍മാന്‍ കീര്‍ത്തി ആദാസിന്റെ ഭാര്യ പൂനം ആസാദ് എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് കെട്ടിവച്ച തുക നഷ്ടമായത്. 2604 വോട്ട് നേടിയ പൂനം ആസാദ് നാലാം സ്ഥാനത്താണ് എത്തിയത്.

Loading...

മൂന്നാം തവണയും ആം ആദ്മിയില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍. തിരഞ്ഞെടുപ്പിലുണ്ടാക്കിയ വന്‍ മുന്നേറ്റത്തിനു പിന്നാലെ ഡല്‍ഹിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം. ദില്ലിയിലെ ജനങ്ങളോട് ഐ ലവ് യൂ എന്ന് പറഞ്ഞുകൊണ്ടാണ് കെജ്‌രിവാള്‍ സംസാരിച്ചു തുടങ്ങിയത്. ‘ഇത് എന്നെ മകനായി കണക്കാക്കിയവരുടെ വിജയമാണ്. ഡല്‍ഹിക്കാരുടെ മാത്ര0 വിജയമല്ല ഇന്ത്യക്കാരുടെ മുഴുവന്‍ വിജയമാണ് ഇത്. ഡല്‍ഹിയിലെ ജനങ്ങളെ ഭഗവാന്‍ ഹനുമാന്‍ അനുഗ്രഹിച്ചു. ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്, അത് വാഗ്ദാനങ്ങളുടേതല്ല,പ്രവൃത്തിയുടെ രാഷ്ട്രീയമാണെന്നും’ കെജ്‌രിവാള്‍ പറഞ്ഞു.