ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പത്ത് പുതുമുഖ സ്ഥാനാര്‍ത്ഥികള്‍; പട്ടികയ്ക്ക് ധാരണയായി

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ കോണ്‍ഗ്രസ് പട്ടികയ്ക്ക് ഏകദേശ ധാരണയായി. കോണ്‍ഗ്രസ് പട്ടികയില്‍ പത്ത് പുതുമുഖങ്ങളാണെന്നാണ് വിവരം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ‘ജനമഹായാത്ര’യ്ക്കിടയില്‍ തന്നെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കും. യാത്ര 28 നാണ് സമാപിക്കുക. 20 ന് പട്ടിക കൈമാറണമെന്നാണ് എഐസിസി നിര്‍ദേശം.

സംസ്ഥാന തിരഞ്ഞെടുപ്പു സമിതി രൂപീകരണം ഉടനുണ്ടാകും. 21 പേരെയാണ് ഇതില്‍ ഉദ്ദേശിക്കുന്നത്. ജനമഹായാത്രയ്ക്ക് ഒഴിവുള്ള 17 ന് ഈ സമിതി ചേര്‍ന്നേക്കും. മറിച്ചെങ്കില്‍ കേരളത്തിനു പട്ടിക കൈമാറാന്‍ സാവകാശം നല്‍കണം. മറ്റു ചില സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ അതിനു സാധ്യത കുറവാണ്. സിറ്റിങ് എംപിമാരെല്ലാം മത്സരിച്ചേക്കുമെന്നാണു കരുതുന്നത്. എം.ഐ. ഷാനവാസിന്റെ നിര്യാണത്തെത്തുടര്‍ന്ന് വയനാട്ടിലും, മുല്ലപ്പള്ളി മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ വടകരയിലും പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്തേണ്ടിവരും.

Loading...