Loading...

ബെംഗളൂരു: കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയപ്പോള്‍ ബി.ജെ.പി.ക്കും ജനതാദള്‍എസ്സിനും തിരിച്ചടി.

കൗണ്‍സിലിലെ 25 സീറ്റുകളിലേക്കുനടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 13 സീറ്റിലും ബി.ജെ.പി. ആറ് സീറ്റിലും ജയിച്ചു. ജനതാദള്‍എസ് നാലു സീറ്റിലൊതുങ്ങി. സ്വതന്ത്രര്‍ രണ്ടു സീറ്റില്‍ ജയിച്ചു. ഹാസന്‍, ശിവമോഗ, ബല്ലാരി, റായ്ച്ചൂര്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് നേട്ടം കൊയ്തത്. ബെംഗളൂരു സിറ്റി മണ്ഡലത്തിലും കോണ്‍ഗ്രസ് ജയിച്ചു.

Loading...

ജില്ലാ, താലൂക്ക്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും എം.എല്‍.എ.മാരും എം.പി.മാരുമാണ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത്. കോണ്‍ഗ്രസ് 21 സീറ്റിലേക്കും ബി.ജെ.പി. 19 സീറ്റിലേക്കും ജനതാദള്‍എസ് 18 സീറ്റീലേക്കുമാണ് മത്സരിച്ചത്. മൊത്തം 125 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്.

മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ തട്ടകമായ ഹാസനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അട്ടിമറിവിജയം നേടി. സിറ്റിങ് എം.എല്‍.സി.യും ജനതാദള്‍എസ് സ്ഥാനാര്‍ഥിയുമായ പട്ടേല്‍ ശിവറാമിനെ 214 വോട്ടിനാണ് കോണ്‍ഗ്രസ്സിലെ എം.എ. ഗോപാലസ്വാമി പരാജയപ്പെടുത്തിയത്.

ഹാസനില്‍നിന്നുള്ള എം.പി.യായ ദേവഗൗഡയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് തിരഞ്ഞെടുപ്പുഫലം. വിജയം അഭിമാനപ്രശ്‌നമായിക്കണ്ട് ദേവഗൗഡ, പട്ടേല്‍ ശിവറാമിനുവേണ്ടി നേരിട്ട് പ്രചാരണരംഗത്തിറങ്ങിയിരുന്നു. ഹാസനിലെ ജില്ലാ, താലൂക്ക്, ഗ്രാമപ്പഞ്ചായത്തുകളില്‍ ആധിപത്യം ജനതാദള്‍എസ്സിനാണ്. ജനതാദള്‍എസ്സിലെ അഭിപ്രായവ്യത്യാസമാണ് കോണ്‍ഗ്രസ്സിന് അട്ടിമറിവിജയം സമ്മാനിച്ചതെന്നും വിലയിരുത്തുന്നു.

കോണ്‍ഗ്രസ്സിന്റെ മറ്റൊരു വന്‍നേട്ടം മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി. ദേശിയ ഉപാധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പയുടെ തട്ടകമായ ശിവമോഗയില്‍ നേടിയ വിജയമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. പ്രസന്നകുമാറാണ് ഇവിടെ ജയിച്ചത്. സിറ്റിങ് എം.എല്‍.സി.യും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ ആര്‍.കെ. സിദ്ധരാമണ്ണയാണ് പരാജയപ്പെട്ടത്.

ബി.ജെ.പി.ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന ബല്ലാരിയിലും കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തി.