പ്രതിപക്ഷം നിയമസഭയിലെത്തിയത് സൈക്കിള്‍ ചവിട്ടി; ഇന്ധന നികുതി അടിയന്തര പ്രമേയമായി അവതരിപ്പിക്കും

തിരുവനന്തപുരം: ഇന്ധനവിലയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് സൈക്കിള്‍ ചവിട്ടിയാണ് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ എത്തിയത്.കോണ്‍ഗ്രസിന്റെ പ്രതിഷേധം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയ്‌ക്കെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.

സമരം വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. ഇന്ന് ഇന്ധന നികുതി അടിയന്തര പ്രമേയമായി അവതരിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കെ ബാബുവായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുക.

Loading...

മുന്‍പും പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയില്‍ അവതരിപ്പിച്ചുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്. കേന്ദ്രം നികുതി കൂട്ടിയതുകൊണ്ടാണ് കുറച്ചതെന്നും സംസ്ഥാനം നികുതി കൂട്ടിയില്ല, അതുകൊണ്ട് കുറയ്ക്കുകയുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

സംസ്ഥാനം നികുതി കുറയ്ക്കുന്നതിലൂടെ ഇന്ധന വിലയില്‍ ഏഴ് രൂപയോളം വ്യത്യാസം വരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിഗമനം.