കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെ പ്രശംസിച്ചു;കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്റ് ചെയ്തു

മലപ്പുറം: കേരളസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്റ് ചെയ്തു. മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയായ ടി.കെ അലവിക്കുട്ടിയെയാണ് കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തത്. പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് സസ്‌പെന്റ് ചെയ്തത്. കേരളത്തെ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും പൊലീസ് സേനയെയും ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കവും ജനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു ടി.കെ അലവിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. മെയ് 12 ന് പോസ്റ്റ് ചെയ്ത കുറിപ്പ് മലപ്പുറം ജില്ലയ്ക്കകത്തെ കോണ്‍ഗ്രസ് ഭിന്നതയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.

‘മഹാമാരിയെ ഫലപ്രദമായി നേരിടാനാകാതെ വികസിത രാജ്യങ്ങള്‍പോലും വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഈ കൊച്ചുകേരളം വളരെ സമര്‍ത്ഥമായി കൊവിഡിനെ നേരിടുകയാണ്.പ്രതീക്ഷയുടെ ഒരു ഇത്തിരിവെട്ടം ഇവിടെ തെളിഞ്ഞുകത്തുകയാണ്. ഇതിൽ പൂർണമായ സഹകരണം കേരളത്തിലെ പ്രതിപക്ഷം നൽകിയിരുന്നെങ്കിൽ നാളെ ചരിത്രം അത് രേഖപ്പെടുത്തുമായിരുന്നു” എന്ന് മെയ് 21 ന് ഇട്ട പോസ്റ്റിൽ അദ്ദേഹം ഒന്നുകൂടി വ്യക്തമാക്കി.

Loading...

“മൂല്യങ്ങൾ സംരക്ഷിക്കണോ, സ്വാർത്ഥമായ രഷ്ട്രീയമോഹങ്ങൾക്ക് വഴങ്ങിക്കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യമുയരുമ്പോൾ, എന്തിന് സംശയിക്കണം, മൂല്യങ്ങളോടൊപ്പം അടിയുറച്ചുനിൽക്കുക എന്ന നിലപാട് തന്നെ” എന്നാണ് പാർട്ടി അച്ചടക്ക നടപടിയെടുത്തതിന് പിന്നാലെ അദ്ദേഹം കുറിച്ചത്.