എ.വി ഗോപിനാഥിന്റെ ഭീഷണിയില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്;കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടാന്‍ സാധ്യത

മുന്‍ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥിന്റെ വിമര്‍ശനങ്ങളില്‍ മൗനം പാലിച്ച് പാലക്കാട് കോണ്‍ഗ്രസ് നേതൃത്വം. നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ടി വിടാനൊരുങ്ങി നില്‍ക്കുന്ന എവി ഗോപിനാഥിന് വലിയ പിന്തുണയുമായി കോണ്‍ഗ്രസ് അണികള്‍ രംഗത്തെത്തിയിട്ടുണ്ട്. മുന്‍ കെപിസിസി സെക്രട്ടറിയും ഡിസിസി പ്രസിഡന്റുമായിരുന്ന എവി ഗോപിനാഥ് കഴിഞ്ഞ ദിവസമാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായെത്തിയത്. കാലങ്ങളായി തുടരുന്ന അവഗണനക്കെതിരെയും നേതാക്കളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പ്രമുഖ നേതാവ് പരസ്യമായി രംഗത്തെത്തിയിട്ടും കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയാന്‍ തയ്യാറായിട്ടില്ല.

നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് എവി ഗോപിനാഥ് ആവശ്യപ്പെട്ടിരുന്നു. അതേ സമയം ജില്ലയില്‍ വലിയ ജനസ്വാധീനമുള്ള എവി ഗോപിനാഥിന് പിന്തുണയുമായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയിട്ടുണ്ട്.നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം കാലങ്ങളായി ഉണ്ട്. അതിനാല്‍ എവി ഗോപിനാഥ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മുതിര്‍ന്ന ചില നേതാക്കളുടെ മാനസിക പിന്തുണയുമുണ്ട്. പാലക്കാട് ഷാഫി പറന്പിലിനെതിരെ എവി ഗോപിനാഥ് മത്സര രംഗത്തിറങ്ങുമെന്നാണ് സൂചന. പാര്‍ടി വിടുന്നതുള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനവും അടുത്ത ദിവസങ്ങളില്‍ തന്നെയുണ്ടാകും. ജനപിന്തുണയുള്ള മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ജില്ലയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Loading...