ദില്ലിയില്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്;പുതുമുഖങ്ങള്‍ക്ക് സാധ്യത

Rahul Gandhi

ദില്ലി: ദില്ലിയില്‍ കോണ്‍ഗ്രസിനേറ്റ വലിയ തിരിച്ചടിയുടെ ഞെട്ടലില്‍ നിന്നും കോണ്‍ഗ്രസ് ഇതുവരെ മുക്തരായിട്ടില്ല. ഒരു സീറ്റ് പോലും നേടാനാകാഞ്ഞത് വലിയൊരു തിരിച്ചടി തന്നെയാണ് കോണ്‍ഗ്രസിന് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമതശബ്ദം ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. ഇതോടെയാണ് തലസ്ഥാനത്ത് കോണ്‍ഗ്രസ് അഴിച്ചു പണിക്ക് ഒരുങ്ങുന്നത്.

തുടര്‍ച്ചയായ രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ഒരു സീറ്റ് പോലും കിട്ടാതെ പരാജയപ്പെടുന്നത്. ഇതിന് പുറമേ വോട്ടു മറിച്ചെന്ന ആരോപണവും കോണ്‍ഗ്രസ് നേരിടുന്നുണ്ട്.അതേസമയം ദില്ലിയിലെ നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയാണ് തോല്‍വിയില്‍ കുറ്റപ്പെടുത്തുന്നത്. ദില്ലി നേതൃത്വം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക വൈകിയത് മുതല്‍ പ്രചാരണത്തിലെ മെല്ലെപ്പോക്ക് വരെ നേതൃത്വത്തിന്റെ പിടിപ്പ് കേട് കൊണ്ട് സംഭവിച്ചതാണന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ദില്ലിയിലെ പല പ്രമുഖ നേതാക്കളുടെയും സ്ഥാനം തെറിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

Loading...

കോണ്‍ഗ്രസിന്റെ മോശം പ്രകടനമല്ല, മറിച്ച് ഒറ്റ സീറ്റ് പോലും ലഭിക്കാത്തതാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നത്. നിലവിലെ നേതാക്കള്‍ക്ക് ജനസമ്മിതി ഇല്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ദില്ലി അധ്യക്ഷന്‍ സുഭാഷ് ചോപ്ര പറഞ്ഞു. ഇയാള്‍ക്കെതിരെ നടപടിയുണ്ടാവാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് സീറ്റൊന്നും നേടിയിട്ടില്ല, പക്ഷേ ഞങ്ങളൊരിക്കലും പരാജയപ്പെട്ടിട്ടില്ലെന്നും ചോപ്ര പറഞ്ഞു.

ഹരിയാനയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസിന്റെ സീനിയര്‍ ടീം പാര്‍ട്ടിക്ക് ജയം സമ്മാനിച്ചിരുന്നു. എന്നാല്‍ ദില്ലിയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം സീനിയര്‍ ടീമാണ്. നേരത്തെ പ്രചാരണത്തിന് ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ അജയ് മാക്കനെ പോലുള്ള നേതാക്കള്‍ വിദേശ പര്യടനത്തിന് പോവുകയാണ് ചെയ്തത്. ഇത്തരമൊരു നിസ്സഹകരണ രീതി ഇനി പറ്റില്ലെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം പുതുമുഖങ്ങളെ കൊണ്ടുവരാനാണ് തീരുമാനം. ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് ദില്ലി കോണ്‍ഗ്രസിന്റെ മുഖമാവാനും സാധ്യതയുണ്ട്.

ദില്ലിയിലെ സീനിയര്‍ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെയാണ് കുറ്റപ്പെടുത്തുന്നത്. ദില്ലിയില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ നേതാക്കളെ നിര്‍ബന്ധിപ്പിച്ച് മത്സരിപ്പിക്കാനാണ് നേതൃത്വം ശ്രമിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍. സംസ്ഥാന നേതൃത്വം കൈമാറിയ സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കാന്‍ വൈകിപ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വമാണെന്ന് സീനിയര്‍ നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ദില്ലിയില്‍ തിരഞ്ഞെടുപ്പിനായി ഒരുങ്ങാന്‍ സമയം ലഭിച്ചില്ലെന്നാണ് പിസി ചാക്കോ പറഞ്ഞത്. ഇത്തരത്തില്‍ ഹൈക്കമാന്‍ഡിനെതിരെയാണ് ആരോപണങ്ങള്‍.

തോല്‍വി നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു മുസ്ലീം വോട്ടുകളുടെ ധ്രുവീകരണമുണ്ടായെന്ന് അല്‍ക്കാ ലാമ്പ പറഞ്ഞു. പുതിയ നേതാക്കളുമായി കോണ്‍ഗ്രസ് പൊരുതാന്‍ ഇറങ്ങണം. ഇന്ന് നമ്മള്‍ പൊരുതിയാല്‍ നാളെ നമുക്ക് ജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ നടപടിയെടുക്കേണ്ട സമയമാണിത്. ദില്ലി നമ്മള്‍ ഇല്ലാതാവും മുമ്പ് അതുണ്ടാവണമെന്നും പാര്‍ട്ടി വക്താവ് ശര്‍മിഷ്ട മുഖര്‍ജി പറഞ്ഞു.

ദില്ലിയില്‍ കോണ്‍ഗ്രസ് ഷീലാ ദീക്ഷിതിന് പകരക്കാരെ കണ്ടെത്തണം. ഇനിയുള്ള നാല് വര്‍ഷം ആ നേതാവിന് കീഴില്‍ പാര്‍ട്ടി ശക്തിപ്പെടണമെന്നും അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. ദില്ലിയില്‍ മാജിക് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അവിടെ കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്തതായി തോന്നിയില്ല. നമ്മള്‍ ശരിയായ പാതയിലാണോ എന്നും ഖുശ്ബു ചോദിച്ചു. നമ്മള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങണം. എല്ലാ മേഖലയിലും ശക്തമായ പ്രവര്‍ത്തനം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജയവീര്‍ ഷെര്‍ഖിലും രണ്‍ദീപ് സുര്‍ജേവാലയും കോണ്‍ഗ്രസില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.