പാചകത്തിനിടെ തന്തൂരി റൊട്ടിയിൽ തുപ്പിയിട്ടു;പാചകക്കാരൻ അറസ്റ്റിൽ

ഗാസിയാബാദ്: പാചകം ചെയ്യുന്നതിനിടെ തന്തൂരി റൊട്ടിയിൽ തുപ്പിയിട്ട പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ധാബയിൽ ജോലി ചെയ്യുകയായിരുന്ന വയോധികനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാചകത്തിനിടെ ഇയാൾ റൊട്ടികളിൽ തുപ്പിയതിന്റെ വീഡിയോ വൈറലായിരുന്നു.തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ കിഷൻഗഞ്ച് ജില്ലക്കാരനായ തമിസുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്.ചിക്കൻ പോയിന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാളാണ് തന്തൂരിൽ ഇടുന്നതിനുമുമ്പ് റൊട്ടിയിൽ തുപ്പുന്ന ഇയാളുടെ ദൃശ്യങ്ങൾ പകർത്തിയത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൈറലാവുകയും ആയിരക്കണക്കിന് ആളുകൾ ഇത് കാണുകയും ചെയ്തു. പാചകക്കാരന്റെ പ്രവൃത്തിയിൽ വെറുപ്പ് തോന്നുകയും ഇയാൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

‘മറ്റുള്ളവർക്ക് വിളമ്പുന്ന ഭക്ഷണത്തിൽ ഒരാൾക്ക് എങ്ങനെ തുപ്പാനാകും? എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ഒക്കെയാണ് പാചകം ചെയ്യുന്നതെങ്കിൽ എങ്ങനെയാണ് ഹോട്ടലുകളിൽ നിന്നും ഭക്ഷണം വിശ്വസിച്ച് കഴിക്കുക’ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇയാൾക്കെതിരെ ആവശ്യമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെയും സർക്കാർ അധികാരികളെയും ടാഗ് ചെയ്തു നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

Loading...