28 സ്‌കൂളുകള്‍ അടച്ചു പൂട്ടി : തിങ്കളാഴ്‌ച മുതല്‍ 16,000 കുട്ടികള്‍ പെരുവഴിയില്‍

കലിഫോര്‍ണിയ: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഉന്നത വിദ്യാഭ്യാസ രംഗം പ്രതിസന്ധിയില്‍. ഏപ്രില്‍ 27 തിങ്കളാഴ്‌ച മുതല്‍ അടച്ചു പൂട്ടുന്ന 28 സ്‌കൂളുകളിലെ 16,000 വിദ്യാര്‍ഥികള്‍ പെരുവഴിയിലേക്ക്‌ ഇറങ്ങേണ്ട അവസ്‌ഥ സംജാതമായിരിക്കുന്നു.

സാന്റാ– അന്ന ആസ്‌ഥാനമായുളള കൊരിന്ത്യന്‍ കോളേജ്‌ അധികാരികള്‍ പുറത്തിറക്കിയ പ്രസ്‌താവനയിലും വിദ്യാര്‍ഥികള്‍ക്കയച്ച ഇ–മെയില്‍ സന്ദേശത്തിലുമാണ്‌ ഒറ്റ ദിവസം കൊണ്ട്‌ ഇത്രയും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഒന്നിച്ചു അടച്ചു പൂട്ടുന്ന വിവരം അറിയിച്ചത്‌. കലിഫോര്‍ണിയായിലെ ഹീല്‍ഡ്‌ കോളേജ്‌, ഹവായ്‌ , ഒറിഗന്‍, എവറസ്‌റ്റ്‌, വൈയൊ ടെക്ക്‌, അരിസോണ, ന്യുയോര്‍ക്ക്‌ എന്നിവിടങ്ങളിലുളള സ്‌കൂളുകളാണ്‌ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുന്നത്‌.

Loading...

കൊരിന്ത്യന്‍ സ്‌കൂളുകളില്‍ നിയമങ്ങളില്‍ നടന്ന തിരിമറിയും ഗ്രേഡ്‌, അറ്റന്‍ഡന്‍സ്‌ രജിസ്‌ട്രര്‍ എന്നിവയിലെ കൃത്രിമവും യുഎസ്‌എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ രണ്ടാഴ്‌ച മുമ്പാണ്‌ 30 മില്യന്‍ ഡോളര്‍ കോളേജിന്‌ പിഴചുമത്തിയത്‌. 2014 ജനുവരിയിലാണ്‌ അന്വേഷണം ആരംഭിച്ചത്‌.

തിങ്കളാഴ്‌ച മുതല്‍ വിദ്യാഭ്യാസം തടസപ്പെടുന്ന വിദ്യാര്‍ഥികളെ മുഴുവന്‍ ഉള്‍ക്കൊളളുവാന്‍ ഗവണ്‍മെന്റ്‌ വിദ്യാലയങ്ങള്‍ക്കോ, സ്വകാര്യ സ്‌ഥാപനങ്ങള്‍ക്കോ സാധ്യമല്ലാത്തതിനാല്‍ ഇവരുടെ ഭാവി എന്തായി തീരുമെന്ന ആശങ്കയിലാണ്‌ വിദ്യാര്‍ഥികളും മാതാപിതാക്കളും.