കൊറോണ രോഗിയുടെ മൃതദേഹം അലക്ഷ്യമായി പൊതിഞ്ഞ് നൽകി: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാത്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും കോടതി റിപ്പോർട്ട് തേടി. തലയിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ ആമ്പല്ലൂർ സ്വദേശി രാമകൃഷ്ണന്റെ ഭാര്യ പാർവതി മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചു. തുടർന്ന് ആശുപത്രിയിൽ നിന്നും മൃതദേഹം അലക്ഷ്യമായി വെള്ളത്തുണിയിൽ പൊതിഞ്ഞ് നൽകുകയായിരുന്നു.

മൃതദേഹം സംസ്‌കരിക്കാനെത്തിയ ബന്ധുക്കളാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. സംഭവത്തിൽ ആശുപത്രി അധികൃതർ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും ഇതിനെതിരെ ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോഗ്യ മന്ത്രിയ്ക്കും പരാതി നൽകുമെന്നും ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഏകദേശം ഒരു മണിക്കൂർ നേരത്തെ പ്രതിഷേധത്തിന് ശേഷമാണ് അധികൃതർ മൃതദേഹം കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പൊതിഞ്ഞ് നൽകിയത്.

Loading...

നിലവിൽ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചിരിക്കുകയാണ്. മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം പൊതിയാനായി അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റാൻ ആശുപത്രിയിലെ ആംബുലൻസാണെന്ന് കരുതിയാണ് വാഹനത്തിൽ കയറ്റിയത് എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. മൃതദേഹം പൊതിഞ്ഞതിൽ അലക്ഷ്യത ചൂണ്ടിക്കാട്ടി സന്നദ്ധപ്രവർത്തകരായെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.