കൊറോണ ഭീതി, രക്തം നല്‍കാന്‍ ആളില്ല

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് സംസ്ഥാനത്തെ രക്തദാനത്തിന്റെ അളവ് കുത്തനെ കുറഞ്ഞു. പ്രതിദിന ശരാശരിയനുസരിച്ച്‌ 4000 യൂണിറ്റ് രക്തമാണ് ബ്ലഡ് ബാങ്കുകളിലെത്തിയിരുന്നതെങ്കില്‍ കെറോണ വൈറസ് ഭീതിക്ക് പിന്നാലെ അളവ് കുത്തനെ കുറഞ്ഞു. നിലവില്‍ 1000 യൂണിറ്റ് രക്തം പോലും സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ എത്തുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യമൊഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ രക്തദാനത്തെയും ബാധിച്ചുവെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. രക്തം ലഭിക്കാതായതോടെ സംസ്ഥാനത്ത് ശസ്ത്രക്രിയകള്‍ കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയാണ്.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് രക്തം ലഭിക്കാത്തതിനെ തുടര്‍ന്ന് കൂടുതലും മാറ്റിവച്ചിരിക്കുന്നത്.

രക്തദാന ക്യാമ്പുകളിലൂടെയാണ് ആവശ്യത്തിനുള്ള രക്തം വിവിധ ബ്ലഡ്ബാങ്കുകളില്‍ എത്തുന്നത്. എന്നാല്‍ കൊറോണ വൈറസ് ഭീതി വിതച്ചതോടെ ക്യാമ്ബുകള്‍ നിറുത്തിവയ്ക്കുവാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിസന്ധി രൂക്ഷമായതോടെ ആരോഗ്യവകുപ്പ് തന്നെ ചില നിയന്ത്രണങ്ങളോടെ രക്തദാന ക്യാമ്ബുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ രക്തദാന ക്യാമ്ബയിന് ആഹ്വാനം ചെയ്തിരുന്നു.

Loading...

എന്‍എസ്‌എസ്, യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ വഴിയാണ് കൂടുതലും വിദ്യാര്‍ത്ഥികള്‍ രക്തദാനത്തിന്റെ ഭാഗമാകുന്നത്. എന്നാല്‍ കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ കോളജുകളും മറ്റ് സ്ഥാപനങ്ങളും നേരത്തെ തന്നെ അടച്ചതോടെ രക്തം നല്‍കുവാനെത്തുന്ന ആളുകളുടെ എണ്ണവും പകുതിയായി കുറഞ്ഞു. നിലവില്‍ രക്തദാനം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും കൂടുതല്‍ സങ്കീര്‍ണമാണ്.

കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും പനിയോ മറ്റേതെങ്കിലും അസുഖമുണ്ടെങ്കിലോ രക്തം സ്വീകരിക്കുവാന്‍ പാടില്ലെന്നാണ് നിര്‍ദേശം. മറ്റേതെങ്കിലും രാജ്യത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഇവിടെ രക്തം ദാനം ചെയ്യുന്നതിന് പരിമിതികളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ജില്ലകള്‍ തിരിച്ചാണ് നിയന്ത്രണം. മറ്റേതെങ്കിലും ജില്ലയില്‍ നിന്നുള്ള വ്യക്തിക്ക് വേറൊരു ജില്ലയിലെത്തി രക്തം ദാനം ചെയ്യുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

അപൂര്‍വ്വ രക്തഗ്രൂപ്പുള്ള രോഗികളുടെ മുന്നോട്ടുളള ചികിത്സകള്‍ക്കാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടായിട്ടുള്ളത്. ദിവസങ്ങള്‍ക്കുള്ളില്‍ രക്ത ബാങ്കുകള്‍ ശൂന്യമാകുമെന്ന പേടിയിലാണ് പല ആശുപത്രികളും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ബ്ലഡ് ഡോണേഴ്സ് കേരള ഘടകം ഭാരവാഹികള്‍ കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു