രാജ്യത്ത് കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി: രോ​ഗം സ്ഥിരീകരിച്ചത് 2902 പേർക്ക്

ദില്ലി: രാജ്യത്ത് കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി. ഇതുവരെ 2902 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദില്ലിയിൽ നടന്ന നിസാമുദ്ദീൻ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 1023 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. 17 സംസ്ഥാനങ്ങളിൽ ആണ് ഇത് വരെ നിസാമുദ്ദീൻ തബ്‍ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 601 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരണമുണ്ടായത് ഇന്നാണ്. അതേ സമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് രാജ്യത്ത് കൂടുതല്‍പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് 19 പേര്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ ഇതുവരെ 26 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 537 കേസുകളാണ് സംസ്ഥാനത്ത് ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ മുംബൈയിലെ ധാരാവിയിൽ മരിച്ച 56കാരൻ തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളുമായി ഇടപഴകിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത് മുംബൈയിലെത്തിയ സംഘത്തിന് ഇദ്ദേഹം താമസസൗകര്യം ഒരുക്കിയെന്നാണ് കണ്ടെത്തിയത്. രാജസ്ഥാനില്‍ 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 191 ആയി. രാജസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

Loading...

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 25 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആസാമില്‍ നാലുപേര്‍ക്കും പുതുതായി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കാംരൂപ് മെട്രോ, കാംരൂപ് , ഗോലാഘട്ട്, മരിഗാവോണ്‍ എന്നിവിടങ്ങലിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ആയി.
പഞ്ചാബിലെ മാന്‍സയിലും മൂന്ന് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.