കൊറോണ; ചൈനയില്‍ തീപോലെ പടരുന്നു; മരണം 1350; ഇന്നലെ മാത്രം ജീവന്‍ നഷ്ടപ്പെട്ടത് 242 പേര്‍ക്ക്

ബെയ്ജിംഗ്/വുഹാന്‍: കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ ചൈനയ്ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. യാതൊരു പിടിയും തരാതെ തീപോലെ പടരുകയാണ് കൊറോണ. ബംധനാഴ്ച വുഹാനില്‍ മാത്രം 242 പേര്‍ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധമൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1350 ആയി. 14840 പുതിയ കേസുകള്‍ കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം 60000 ആയി. ഇതില്‍ 48000 കേസുകള്‍ വുഹാനില്‍ തന്നെയാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, വിദേശത്തു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 440 ആയി. ഫിലിപ്പീന്‍സില്‍ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജപ്പാനില്‍ 203 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗം പേരും ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസില്‍ കഴിയുന്നവരാണ്. കപ്പലിലെ ജീവനക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

Loading...

അതേസമയം രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരുന്ന ക്പപലിലെ ഇന്ത്യക്കാരായ രണ്ട് ജീവനക്കാര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.ജപ്പാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് എന്ന് ആഡംബര കപ്പല്‍ ഫെബ്രുവരി മൂന്നാം തീയതി മുതല്‍ ക്വാറന്റൈന്‍ ചെയ്ത ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു.

37,00 യാത്രക്കാരും ജീവനക്കാരുമാണ് കപ്പലില്‍ ഉള്ളത്. ജനുവരി 25ന് ഹോംങ്കോങില്‍ ഇറങ്ങിയ 80കാരനായ യാത്രക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ യാത്ര നിര്‍ത്തി നിരീക്ഷണം ആരംഭിച്ചത്. കപ്പല്‍ കരയിലേക്ക് അടുപ്പിക്കാതെ യാത്രക്കാരെ നിരീക്ഷിക്കുകയായിരുന്നു. 138 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്. ഇതുവരെ 174 യാത്രക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി 19വരെ കപ്പല്‍ നിരീക്ഷണത്തില്‍ വയ്ക്കാനാണ് തീരുമാനമെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കൊറോണ വൈറസ് സ്ഥിരീകരിച്ചവരെ ജപ്പാനിലെ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ജപ്പാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. കപ്പലില്‍ തുടരുന്നവരോട് അവരുടെ ക്യാബിനുകളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മാസ്‌ക് ധരിക്കാനും പുറത്തുനിന്നുള്ളപ്പോള്‍ പരസ്പരം അകലം പാലിക്കാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്, കൂടാതെ അവയുടെ താപനില പതിവായി നിരീക്ഷിക്കാന്‍ തെര്‍മോമീറ്ററുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

അതേസമയം കൊറോണ വൈറസ് മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ദൈനംദിന ജീവിതം പോലും താറുമാറായ അവസ്ഥയാണ് ലോകത്തെമ്പാടുമുള്ളത്. ഈ സാഹചര്യത്തിലാണ് ടോക്യോ ഒളിമ്പിക്സ് 2020 ന്റെ നടത്തിപ്പിനെക്കുറിച്ചുള്ള ആശങ്കയുമായി സംഘാടക സമിതി രംഗത്ത് എത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യാന്‍ നിര്‍ബന്ധിതമായതോടെയാണ് ആശങ്കയുമായി സംഘാടക സമിതി രംഗത്ത് എത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒളിമ്പിക്സ് മത്സരങ്ങള്‍ നടന്നിരുന്നു.

നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന് ടോക്യോ ഒളിമ്പിക്സ് സംഘാടക സമിതി ചീഫ് എക്സിക്യൂട്ടീവ് തോഷിരോ മ്യൂട്ടോ പറയുന്നു. രാജ്യത്ത് നിന്നും ഈ വൈറസിനെ അതിവേഗം തന്നെ ഇല്ലായ്മ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പകര്‍ച്ചാവ്യാധി മത്സരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.