ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരം

ഇടുക്കിയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന്റെ റൂട്ട്മാപ്പ് തയ്യാറാക്കുക ദുഷ്‌കരമെന്ന്‌ ആരോഗ്യ വകുപ്പ്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളുമായി നിരീക്ഷണത്തിലാകുന്നത് വരെ ഇയാൾ അടുത്തിടപഴകിയിരുന്നു. വിദേശബന്ധം ഇല്ലാത്ത ഇദ്ദേഹത്തിന് ആരിൽ നിന്നാണ് രോഗം പകർന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അടുത്തകാലത്തൊന്നും ഇദ്ദേഹം വിദേശത്ത് പോയിട്ടില്ല. വിദേശത്ത് നിന്ന് വന്നവരും വീട്ടിലില്ല. പാലക്കാട്, ഷോളയൂർ, പെരുമ്പാവൂർ, ആലുവ, മൂന്നാർ, മറയൂർ, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇദ്ദേഹം നിരീക്ഷണത്തിലാകുന്നതിന് മുൻപ് പോയെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. നിയമസഭ മന്ദിരത്തിൽ പോയി ഭരണ-പ്രതിപക്ഷ കക്ഷികളിലെ പ്രമുഖ നേതാക്കളെയും കണ്ടു. ഇതാണ് സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിൽ ആരോഗ്യവകുപ്പിനെ വലയ്ക്കുന്നത്.

Loading...

ഇയാളുമായി അടുത്തിടപഴകിയ നേതാക്കളിൽ പലരും ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലാണ്. മാർച്ച് 15നാണ് ഇയാൾക്ക് പനി ബാധിച്ചത്. 14 വരെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പനി ബാധിച്ചതിന് ശേഷം കഴിഞ്ഞ 20നും അതിന് മുന്പ് 13നും ഇദ്ദേഹം ചെറുതോണിയിലെ മുസ്ലീം പള്ളിയിൽ പോയി പ്രാർത്ഥന നടത്തി. ഈ സമയം അവിടെ ഇയാളുമായി അടുത്തിടപഴകിയവരും നീരീക്ഷണത്തിലേക്ക് മാറണമെന്ന് ജില്ലഭരണകൂടം നിർദ്ദേശിച്ചു.

കോൺഗ്രസിന്‍റെ തൊഴിലാളി പോഷക സംഘനയുടെ സംസ്ഥാന ഭാരവാഹിയാണ് ഇയാൾ. ഈ സംഘടന ഫെബ്രുവരി 13 മുതൽ പകുതി മുതൽ മാർച്ച് ഒൻപത് വരെ സംസ്ഥാന ജാഥ സംഘടിപ്പിച്ചിരുന്നു.