കൊവിഡിൽ നിന്ന്​ രോ​ഗമുക്​തരായി വീണ്ടും പോസിറ്റീവായാല്‍ രോഗം പടരില്ലെന്ന്​ ഗവേഷകര്‍

സോള്‍​: കൊവിഡിൽ നിന്ന്​ പൂര്‍ണമായി മുക്​തരാവർ വീണ്ടും പോസിറ്റീവായാൽ അവരിൽ നിന്നും രോഗം പടരില്ലെന്ന്​ ഗവേഷകര്‍. ഒരിക്കല്‍ കൊറോണ​ വന്നവരുടെ ശരീരത്തില്‍ അത്​ പ്രതിരോധിക്കാനുള്ള ആന്‍റിബോഡി രൂപപ്പെടുന്നു. അതോടെ അവര്‍ വീണ്ടും രോഗക്കിടക്കയിലാകാനുള്ള സാധ്യതയും ഇല്ലാതാകുന്നു. കൊറിയയിലെ സെന്റേഴ്​സ്​ ഫോര്‍ ഡിസീസ്​ കണ്‍ട്രോള്‍ ആന്‍റ്​ പ്രിവന്‍ഷനിലെ ഗവേഷകരാണ്​ പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. രോഗമുക്​തി നേടിയതിനു ശേഷം കോവിഡ്​ പോസിറ്റീവായ 285 പേരിലാണ്​ സംഘം പഠനം നടത്തിയത്​.

കൊറോണ​ ലക്ഷണങ്ങളില്ലെങ്കിലും ഇവരില്‍ വൈറസ്​ സാന്നിധ്യമുണ്ടായിരുന്നു. ഇവരില്‍ നിന്നു ശേഖരിച്ച സാമ്പിളുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും നിര്‍ജീവവാസ്ഥയിൽ ഉള്ളതും മറ്റുള്ളവരിലേക്ക്​ പകരാന്‍ ​ശേഷിയില്ലാത്തതുമാണെന്നുമാണ്​ കണ്ടെത്തിയത്​. അതേസമയം, വൈറസ്​ ബാധ സ്​ഥിരീകരിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പി.സി.ആര്‍ പരിശോധനയില്‍ നിര്‍ജീവമായ വൈറസുകളെ തിരിച്ചറിയാന്‍ സാധിക്കില്ല. വൈറസിലെ ന്യൂക്ലിക്​ ആസിഡ്​ മാത്രമാണ്​ അറിയാന്‍ കഴിയുക. അതിനാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും നിര്‍ജീവമായ വൈറസ്​ സാന്നിധ്യം കണ്ടെത്തിയാല്‍ അവര്‍ക്ക്​ വീണ്ടും രോഗമുണ്ടെന്ന്​ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

Loading...

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു. 29 ദിവസം കൊണ്ടാണ് 25 ലക്ഷം എന്ന കണക്കിൽ നിന്ന് രോഗ ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നത്. 5,003,182 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. കൊവിഡ് മരണം 325,218 ആയി. മൂന്നിൽ ഒന്ന് രോഗികളും ഉള്ള അമേരിക്കലാണ് കൊവിഡ് ഏറ്റവും ആഘാതം ഏൽപ്പിച്ചത്. അമേരിക്കയിൽ മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,570,920 രോ​ഗബാധിതരാണ് അമേരിക്കയിൽ ഉള്ളത്. ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലും രോഗ വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. റഷ്യ, ബ്രസീൽ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.