എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് കൊറോണ വൈറസ് ബാധ, നിരവധി പേരിലേക്ക് പടരുന്നു, മരണവും വര്‍ദ്ധിക്കുന്നു

ചൈനയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിക്കുകയാണ്. ഇതുവരെ വൈറസ്ബാധയേറ്റ് മരിച്ചവരുടെ എണ്ണം 56 ആയി. പുതിയതായി 323 പേര്‍ക്ക് കൂടി അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 2116 പേരില്‍ രാജ്യത്ത് വൈറസ് ബാധ ഏറ്റെട്ടിട്ടുണ്ട്. അതേസമയം കൊറോണ പടരുന്നത് ദ്രുതഗതിയില്‍ ആണെന്നും സ്ഥിതി ഗുരുതരം ആണെന്നും പ്രസിഡന്റെ ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി. ചൈനീസ് അധികൃതരുടെയും ലോകാരോഗ്യ സംഘടനയുടെയും കണക്ക്കൂട്ടല്‍ തെറ്റിച്ച് അതിവേഗമാണ് വൈറസ് പടരുന്നച്. അതേസമയം ഷാങ്ഹായ് നഗരത്തിലും കൊറോണ വൈറസ് ബാധ ഏറ്റ് മരണം റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.

അതേസമയം ഇതുവരെ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്ഥമായി ഇപ്പോഴത്തെ വൈറസ് ശരീരത്തില്‍ കയറി, രോഗലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ വൈറസ് ബാധിതന്‍ രോഗാണു വാഹകനാവുന്നു എന്നതാണ് വെല്ലുവിളി. വൈറസ് വ്യാപനം തടയാന്‍ കര്‍ശ്ശന നടപടികളിലേക്ക് അധികൃതര്‍ നീങ്ങുകയാണ്. രാജ്യത്ത് വ്യാപകമായി യാത്രാ വിലക്ക് പ്രഖ്യാപിക്കുകയാണ്. നിലവില്‍ 12 നഗരങ്ങളിലാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്ന വുഹാന്‍ നഗരം എതാണ്ട് പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്.

Loading...

ചൈനയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനുള്ള നിരവധി നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഹോങ്‌കോങ്ങിനെയും വൂഹാന്‍ നഗരത്തെയും ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകളും ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെക്കും. കൂടാതെ നഗരത്തില്‍ നടത്താനിരുന്ന ഔദ്യോഗിക പുതുവര്‍ഷാഘോഷങ്ങളും റദ്ദാക്കിയതായി സി.എന്‍.ബി.സി.ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
വായുവിലൂടെ പകരുന്ന കൊറോണ വൈറസുകള്‍ സസ്തനികളുടെയും പക്ഷികളുടെയും ശ്വസനേന്ദ്രിയങ്ങളേയും അന്നനാളത്തെയുമാണ് ആദ്യം ബാധിക്കുന്നത്. സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവ വരെയുണ്ടാകാന്‍ ഇടയാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. ആന്റി വൈറല്‍ മരുന്നുകള്‍ ലഭ്യമല്ലെന്നാണ് ഇത്തരം രോഗങ്ങളുടെ പ്രധാന വെല്ലുവിളി.

സൂര്യന് ചുറ്റുമുള്ള വാതകം നിറഞ്ഞ പ്രദേശമായ കൊറോണയോട് രൂപത്തില്‍ സാമ്യമുള്ളതിനാലാണ് ഈ വൈറസുകള്‍ക്ക് ആ പേര് വന്നത്. ആര്‍.എന്‍.എ വൈറസാണ് കൊറോണ. പക്ഷിമൃഗാദികളിലാണ് ഇവ സാധാരണയായി രോഗങ്ങളുണ്ടാക്കുക. രോഗബാധിതരായ പക്ഷിമൃഗാദികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യരിലേക്കും കൊറോണ വൈറസ് പകരാറുണ്ട്. മനുഷ്യരിലെത്തി കഴിഞ്ഞാല്‍ ജനിതക മാറ്റം സംഭവിച്ച് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും കൊറോണ വൈറസ് പകരാറുണ്ട്.

ഇത്തവണത്തെ കൊറോണ വൈറസ് ബാധയുടെ ഉറവിടം ചൈനയില്‍ നിന്നാണ്. ചൈനയില്‍ വൈറസിന്റെ ഉറവിടം പാമ്പുകളാകാമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് ക്രയ്റ്റ്, ചൈനീസ് കോബ്ര എന്നീ പാമ്പുകളാകാം വൈറസിന്റെ യഥാര്‍ഥകേന്ദ്രമെന്നാണ് സൂചന. പാമ്പ്, എലി, പല്ലി തുടങ്ങിയവയെയെല്ലാം ചൈനക്കാര്‍ ആഹാരമാക്കാറുണ്ട്. ഏറ്റവും പുതിയ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ 25 മരണങ്ങളും ചൈനയിലാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ജലദോഷം മുതല്‍ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരില്‍ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തില്‍ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാന്‍ ഏതാണ്ട് 6 മുതല്‍ 10 ദിവസങ്ങള്‍ വരെ എടുക്കാം.