കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ആള്‍ ആംബുലന്‍സില്‍ നിന്ന് ചാടിയിറങ്ങി ഓടി: പിന്നാലെ പാഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരും: വീഡിയോ വൈറൽ

മോസ്‌കോ: കൊറോണ വൈറസ് ബാധിതനെന്ന് സംശയിക്കുന്ന ആള്‍ ആംബുലന്‍സില്‍ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇറങ്ങിപ്പോയ രോ​ഗി തേടി പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരും ഇറങ്ങി ഓടി. കൊവിഡ് 19 സംശയത്തില്‍ ഇയാളെ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. ഇയാളെ പിന്നീട് പിടികൂടി പരിശോധനക്ക് വിധേയനാക്കി. ഞായറാഴ്ച പരിശോധനാഫലം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. റഷ്യന്‍ നഗരമായ അര്‍സമാസിലാണ് സംഭവം. ആക്ഷന്‍ ചിത്രത്തിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് വീഡിയോ പങ്കുവെയ്ക്കുന്ന പലരുടെയും അഭിപ്രായം. വെളുത്ത സ്വയം സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ പിന്തുടര്‍ന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ആംബുലന്‍സില്‍ നിന്ന് ഇറങ്ങി ഓടിയതെന്ന് അര്‍സാമസ് മേയര്‍ പറയുന്നു.

ലോകത്താകമാനം കോവിഡ് മരണസംഖ്യ 95,693 ആയി ഉയര്‍ന്നു. ഇതിനോടകം 1,603,164 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 80,000ത്തോളം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്താകെ ,151,031 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 50,000 ത്തോളം ആളുകളുടെ ആരോഗ്യനില ഗുരുതരമാണ്. 356,440 പേര്‍ക്ക് രോഗംഭേദമായി. അതേസമയം, വ്യാഴാഴ്ച മാത്രം അമേരിക്കയില്‍ 1819 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 4,68,566 ആയി ഉയര്‍ന്നു. ആകെ മരണം 16,691 ആയി. കൊറോണ ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ളത് സ്‌പെയിനാണ്. ഇവിടെ 1,53,222 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 15,447 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ എഴുന്നൂറോളം മരണം സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ ഏറ്റവും കൂടുതല്‍ ആള്‍നാശം വിതച്ച ഇറ്റലിയില്‍ മരണസംഖ്യ 18,279 ആയി വര്‍ധിച്ചു. രോഗബാധിതരുടെ എണ്ണം 1,43,626 ആയി.

Loading...

ഫ്രാന്‍സിലും ദിനംപ്രതി മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,341 പേര്‍ മരിച്ചു. ഇതുവരെയുള്ള മരണസംഖ്യ 12,210 ആയി. ജര്‍മനിയില്‍ 2,607 പേരും ബ്രിട്ടണില്‍ എട്ടായിരത്തോളം പേരും ഇറാനില്‍ 4,110 പേരും മരണപ്പെട്ടു. ബെല്‍ജിയത്തിലും നെതര്‍ലാന്‍ഡിലും സ്ഥിതി ഗുരുതരമാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെല്‍ജിയത്തില്‍ മരണം 2,500 പിന്നിട്ടു. നെതര്‍ലാന്‍ഡില്‍ 2,400. അതേസമയം കാര്യങ്ങള്‍ നിയന്ത്രണ വിധേയമായ ചൈനയില്‍ ഒരാളുടെ മരണം മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചൈനയില്‍ കൊറോണ ബാധിച്ചുള്ള ആകെ മരണം 3,336 ആയി.