ഐക്‌സ്‌ക്രീമിലും കൊറോണ വൈറസ് കണ്ടെത്തി;ആയിരക്കണക്കിന് പാക്കറ്റുകള്‍ നശിപ്പിച്ച് അധികൃതര്‍

ഐസ്‌ക്രീമിലും കൊറോണ വൈറസ് കണ്ടെത്തിയതോടെ ആയിരക്കണക്കിന് ഐസ്‌ക്രീം പാക്കറ്റുകള്‍ നശിപ്പിച്ച് അധികൃതര്‍. വടക്കന്‍ ചൈനയിലാണ് സംഭവം. ഐസ്‌ക്രീം സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് കൊറോണ വൈറസ് കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്നാണ് ഐസ്‌ക്രീം പാക്കറ്റുകള്‍ നശിപ്പിച്ചത്. ഇതോടെ ടിയാന്‍ജിന്‍ ദാക്വിയോദാവോ ഫുഡ് കമ്പനിയുടെ ഇതേ ബാച്ച് ഐസ്‌ക്രീം ഉപയോഗിച്ചവരെ കണ്ടെത്താനുള്ള നീക്കവും ടിയാന്‍ജിന്‍ നഗരസഭാ അധികൃതര്‍ ആരംഭിച്ചിരിക്കുകയാണ്. മൂന്ന് സാമ്പിളുകളാണ് നഗരസഭാ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ മൂന്നും കോവിഡ് പോസ്റ്റീവായി. ഇതോടെ പാക്കറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു.

ഐസ്‌ക്രീം നിര്‍മാണത്തിന് ഉപയോഗിച്ച പാല്‍പ്പൊടി ഉള്‍പ്പെടെയുള്ള ന്യൂസിലാന്‍ഡില്‍ നിന്നും ഉക്രെയിനില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കമ്പനിയെ 1662 ജീവനക്കാരെയും ക്വറന്റീനിലേക്ക് മാറ്റി. അതേസമയം സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്നും ഒരാളില്‍ നിന്നും വൈറസ് പടര്‍ന്നിരിക്കാനാണ് സാധ്യതയെന്നും ലീഡ്‌സ് സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് ഡോ. സ്റ്റീഫന്‍ ഗ്രിഫിന്‍ പറഞ്ഞു. നിര്‍മാണ പ്ലാന്റിലെ ശുചിത്വമില്ലായ്മയുമായി ബന്ധപ്പെട്ട പ്രശ്‌നമായിരിക്കാമിതെന്നും അദ്ദേഹം പറഞ്ഞു. ഐസ്‌ക്രീം ഏറ്റവും കുറഞ്ഞ താപനിലയിലാണ് സൂക്ഷിക്കുന്നത് എന്നതിനാലും കൊഴുപ്പിന്റെ അംശമുള്ളതിനാലുമാണ് വൈറസ് ഇത്രയും ദിവസം നിലനിന്നതെന്നാണ് ഡോ. ഗ്രിഫിന്‍ വ്യക്തമാക്കി.

Loading...