സംസ്ഥാനത്ത് കൊറോണ വൈറസ് ആശങ്ക ഒഴിയുന്നു; നിരീക്ഷണത്തിലുള്ളത് 132 പേര്‍

തിരുവനന്തപുരം: ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് ഭീതി സംസ്ഥാനത്ത് നിന്ന് ഒഴിയുന്നു. 34 ലോകരാജ്യങ്ങളെ വിറപ്പിച്ച കൊറോണ കേരളത്തിന് മുന്നില്‍ മുട്ടുമടക്കുന്നു. സംസ്ഥാനത്തെ വിവധ ജില്ലകളിലായി 132 പേര്‍ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവരില്‍ 130 പേര്‍ വീടുകളിലും 2 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.

സംശയാസ്പദമായവരുടെ 460 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 451 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 7 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കോവിഡ് 19 രോഗ ബാധയ്ക്കെതിരെ ജാഗ്രത തുടരുകയാണ്. രോഗം സ്ഥിരീകരിച്ചിരുന്ന മൂന്ന് പേരും ആശുപത്രി വിട്ട് വീടുകളില്‍ നിരീക്ഷണത്തിലാണ്.

Loading...

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ 19.02.2020 ലെ പരിഷ്‌കരിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.ചൈനയിലെ വുഹാനില്‍ നിന്നും പടര്‍ന്നു തുടങ്ങിയ കൊവിഡ് 19 എന്ന കൊറോണ വൈറസ് ഇതുവരെ 2000 ത്തിലധികം ആള്‍ക്കാരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇന്ത്യയില്‍ 3 പേര്‍ക്ക് കൊറോണ ബാധിച്ചതില്‍ മൂന്നും കേരളത്തിലായിരുന്നു. എന്തായാലും കേരളത്തിലുള്ളവരെ ആശങ്ക ഒഴിയുകയാണ്. എങ്കിലും ജാഗ്രത പാലിക്കണമെന്ന് തന്നെയാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. നിപ പോലുള്ള വലിയ ദുരന്തത്തെ ധൈര്യപൂര്‍വം നേരിട്ട കേരളത്തിന് ഇത്തവണ കൊറോണയെ തുരത്തുന്നതും എളുപ്പമായിരുന്നു.