മലയാളി നഴ്‌സിന് ബാധിച്ചത് ചൈനയിലെ കൊറോണയല്ല, സംഭവം ഇങ്ങനെ

റിയാദ്: സൗദി അറേബ്യയില്‍ മലയാളി നഴ്സിനെ ചൈനയില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് ബാധിച്ചുവെന്ന വിവരം പുറത്തെത്തിയിരുന്നു. എന്നാല്‍ കോട്ടയം കാരിയായ സൈദി നഴ്‌സിനെ ബാധിച്ചിരിക്കുന്നത് ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസ് അല്ല് എന്ന് സ്ഥിരീകരിച്ചു. 2012 ല്‍ കണ്ടെത്തിയ മെഴ്‌സിന് കാരണമാകുന്ന കൊറോണ വൈറസ് ആണ് മലയാളി നഴ്‌സിന് ബാധിച്ചിരിക്കുന്നത് എന്ന് ജിദ്ദയിലെ ഇന്ത്യന്‍ നയതന്ത്രാലയം ട്വീറ്റ് ചെയ്തു. ഈ രോഗം ചികിത്സാ വിധേയവുമാണ്.

അതേസമയം കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് സൗദി അറേബിയ അസീര്‍ അബഹ അല്‍ ഹയാത്തത് ആശുപത്രിയില്‍ മുപ്പത് മലയാളി നഴ്സുമാരെ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രത്യേക മുറികളില്‍ ആണ് ഇവരെ അഞ്ച് ദിവസമായി പ്രവേശിപ്പിച്ചിരിക്കുന്നത്. വൈറസ് ബാധയുണ്ടായ കോട്ടയം സ്വദേശിയായ നഴ്സുമായി അടുത്തിടപെഴകിയ നഴ്സുമാരെയാണ് പ്രത്യേകം പാര്‍പ്പിച്ചിരിക്കുന്നത്. പരിശോധനയ്ക്ക് വിധേയരായി ഫലത്തിനായി കാത്തിരിക്കുന്നത് ഇരുപത് പേരാണ്. പത്ത് പേരുടെ പരിശോധന നടത്തിയിട്ടില്ല. തങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതിന് തയ്യാറാകുന്നില്ലെന്നാണ് നഴ്സുമാര്‍ ആരോപിക്കുന്നത്.

Loading...

അബഹ അല്‍ ഹയാത് ആശുപത്രിയിലെ ആറുമുറികളിലായാണ് മുപ്പത് നഴ്‌സുമാരെ താമസിപ്പിച്ചിരിക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡ് ആയതിനാല്‍ ബന്ധുക്കള്‍ക്ക് പ്രവേശനമില്ല. തങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം ലഭിക്കുന്നില്ലെന്ന് നഴ്സുമാര്‍ കഴിഞ്ഞദിവസം പരാതിയുന്നയിച്ചിരുന്നു. റിയാദിലെ ഇന്ത്യന്‍ എംബസി ഇടപെട്ടതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.

അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുന്നു. 25 പേരാണ് ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത്. കൂടാതെ 259 പുതിയ കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ആകെ 830 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. രോഗം സ്ഥിരീകരിച്ച 34 പേര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടപ്പോള്‍ 177 പേരാണ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. വുഹാനില്‍ നിന്ന് പുറത്ത് 1,072 വൈറസ് കേസുകളും അധികൃര്‍ പരിശോധിക്കുന്നുണ്ടെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ പറഞ്ഞു.

പ്രതിരോധ നടപടികളുടെ ഭാഗമായി വുഹാനിലെയും സമീപ നഗരങ്ങളിലെയും 20 ദശലക്ഷം ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ചാന്ദ്ര പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൂടുതല്‍ പ്രതിരോധന നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചൈനയില്‍ ഇന്നലെ രണ്ടു നഗരങ്ങള്‍ അടച്ചു; രോഗത്തിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന വുഹാന്‍ സമീപനഗരമായ ഹോങ്കോങ് എന്നിവയാണ് അടച്ചത്. വിമാന, ട്രെയിന്‍, റോഡ് ഗതാഗതം നിര്‍ത്തി. കടകളും ഓഫിസുകളും അടച്ചു.മൊത്തം 1.85 കോടി ജനങ്ങളാണ് ഈ നഗരങ്ങളില്‍ പാര്‍ക്കുന്നത്. നഗരം വിട്ടു പോകരുതെന്ന് ഇവര്‍ക്കു നിര്‍ദേശം നല്‍കി. ഒരു കോടിയിലേറെ ജനസംഖ്യയുള്ള എജൗ നഗരത്തിലെ റെയില്‍വേ സ്റ്റേഷന്‍ അടച്ചു.

പാമ്പില്‍ നിന്നോ വവ്വാലില്‍ നിന്നോ ആകാം രോഗം മനുഷ്യരിലേക്കു പകര്‍ന്നതെന്നു ഗവേഷകര്‍ വ്യക്തമാക്കി. കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ സംശയിച്ചാല്‍ ഉടന്‍ വെന്റിലേറ്ററും ഐസിയുവുമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്ക ണമെന്നാണ് നിര്‍ദേശം. വൈറസ് ഭീതിമൂലം ബോക്‌സിങ്, വനിതാ ഫുട്‌ബോള്‍ എന്നിവയുടെ ഒളിംപിക് യോഗ്യതാ മത്സരങ്ങള്‍ വുഹാനില്‍ നിന്നു മാറ്റി. കൊറോണ വൈറസ് ബാധയുടെ പേരില്‍ ഇന്ത്യയില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് കേന്ദ്രം. ചൈനയില്‍ നിന്നു തൃശൂരില്‍ എത്തിയ 7 മലയാളികള്‍ കരുതല്‍ നിരീക്ഷണത്തിലാണ്. ഇവരിലൊരാള്‍ പനി ബാധിച്ച് ഐസലേഷന്‍ വാര്‍ഡിലാണ്. ചൈനയില്‍നിന്നു കഴിഞ്ഞ 14 ദിവസത്തിനിടെ കേരളത്തില്‍ എത്തിയവര്‍ 28 ദിവസം ബാഹ്യസമ്പര്‍ക്കം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്‌സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും 2 ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.