കൊറോണ: കൊറോണ വൈറസ് നിരവധി ജീവനുകളെടുക്കുമ്പോള്‍ നിരവധി കുടുംബങ്ങളും ഒപ്പം തകരുന്നുണ്ട്. ചൈനയില്‍ വുഹാനില്‍ തുടങ്ങിയ വൈറസ് ബാധ ദിനം പ്രതി നിരവധി ആള്‍ക്കാരുടെ ജീവനുകള്‍ കവരുമ്പോള്‍ സ്വന്തം പൗന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അയല്‍ രാജ്യങ്ങളെല്ലാം തന്നെ. എന്നാല്‍ ഇതിനിടയില്‍ നിരവധി കുടുംബജീവിതങ്ങളാണ് താറുമാറാകുന്നത്. യുഎസും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ വളരെ നേരത്തെ തന്നെ ഈ നടപടി ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ് ചൈനയില്‍ പല ജീവിതങ്ങളും. തങ്ങളുടെ പൗരന്‍മാരെയെല്ലാം ജനുവരി 30 ന് മുന്‍പ് വുഹാനില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് ബ്രിട്ടന്റെ പ്രഖ്യാപനം.
എന്നാല്‍ ഭാര്യ ചൈനീസ് സ്വദേശിയായതിനാല്‍ അവരെ തന്റെ കൂടെ കൊണ്ടുപോകാന്‍ കഴിയാതെ നിസ്സഹയാനാണ് ജെഫ് സിഡില്‍ എന്ന ബ്രിട്ടീഷ് അധ്യാപകന്‍. ചൈനീസ് സ്വദേശികള്‍ രാജ്യംവിടരുതെന്ന ചൈനയുടെ നിര്‍ദേശമാണ് ജെഫ് സിഡിലിന് വിനയായിരിക്കുന്നത്. ജെഫിന്റെ ഭാര്യ സിന്‍ഡി ചൈനീസ് സ്വദേശിയാണെങ്കിലും അവര്‍ക്ക് ബ്രിട്ടനില്‍ സ്ഥിരതാമസ വിസയുണ്ട്. അതിനാല്‍ ഭാര്യയെയും ബ്രിട്ടനിലേക്ക്.കൊണ്ടുപോകാന്‍ അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒമ്പതുവയസ്സുള്ള മകളെ കൂടെകൂട്ടാന്‍ അനുമതി ലഭിച്ചെങ്കിലും ഭാര്യയെ രാജ്യംവിടാന്‍ ചൈനീസ് അധികൃതര്‍ അനുവദിച്ചിട്ടില്ല. അധികൃതരുടെ കടുംപിടുത്തം കാരണം ഭാര്യയെ ഉപേക്ഷിച്ചുപോകേണ്ട അവസ്ഥയിലാണ് താനെന്ന് ജെഫ് പറയുന്നു. മകളെ അമ്മയില്‍നിന്ന് വേര്‍പ്പെടുത്തുന്നതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു. എത്രകാലത്തേക്ക് ഇത് നീണ്ടുനില്‍ക്കുമെന്ന ആശങ്കയും ജെഫിനുണ്ട്.
ബുധനാഴ്ചയോ വ്യാഴാഴ്ചയോ തങ്ങളുടെ പൗരന്മാരെ വുഹാനില്‍നിന്ന് കൊണ്ടുവരുമെന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളം ഇവരെ സൈനിക ക്യാമ്പില്‍ പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.അതേസമയം, ലോകത്തെ 19 രാജ്യങ്ങളില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ ഇതുവരെ 132 പേര്‍ മരണപ്പെടുകയും ചെയ്തു.
അതേസമയം കൊറോണ വൈറസ് പടരുന്ന ചൈനയിൽനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി ഹോങ് കോങ്ങും ഫിലിപ്പീൻസും. ഹോങ് കോങ് ചൈനയുമായി ബന്ധിപ്പിക്കുന്ന രണ്ട് റെയിൽവേ ലൈനുകൾ അടച്ചു. ഫെറി-ബസ് സർവീസുകളും റദ്ദാക്കി. വിമാനസർവീസുകൾ പകുതിയാക്കി. ചൈനീസ് പൗരന്മാർക്ക് വിസയനുവദിക്കില്ലെന്നും ചീഫ് എക്സിക്യുട്ടീവ് കാരി ലാം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ചൈനീസ് പൗരന്മാർക്ക് വിസ ഓൺ അറൈവൽ സംവിധാനം റദ്ദാക്കുന്നതായി ഫിലിപ്പീൻസ് അറിയിച്ചു. ദക്ഷിണകൊറിയ, കാനഡ, ബ്രിട്ടൻ, യു.എസ്., ജപ്പാൻ, എന്നീ രാജ്യങ്ങൾ ചൈനയിലെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളാരംഭിച്ചു. വൈറസ് ആദ്യം കണ്ടെത്തിയ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാൻ രാജ്യങ്ങൾ അവരവരുടെ ചാർട്ടേഡ് വിമാനങ്ങൾ ചൈനയിലേക്കയച്ചിട്ടുണ്ട്. വാണിജ്യാവശ്യങ്ങൾക്കായി ചൈനയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് യു.എസ് ആരോഗ്യ അധികൃതർ പൗരന്മാർക്ക് നിർദേശം നൽകി.