കൊറോണ വൈറസ് ;മരിച്ചവരുടെ എണ്ണം 56 ആയി;ആശങ്കയില്‍ രാജ്യങ്ങള്‍

കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണ 56 ആയി. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1975 പേര്‍ക്കാണ്. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിവേഗമാണ് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത്. ചൈനീസ് പീപ്പിള്‍സ് ഡെയിലി റിപ്പോര്‍ട്ടനുസരിച്ചാണ് വിവരങ്ങള്‍.
ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ ശനിയാഴ്ച വെളിപ്പെടുത്തിയത് ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1287 ആണെന്നായിരുന്നു. പക്ഷേ, ഒരൊറ്റ ദിവസം കൊണ്ട് സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 1975 ആയി. രോഗം പടർന്നു പിടിക്കുന്നത് എത്തിക്കാൻ ചൈനീസ് ആരോഗ്യ മന്ത്രാലയം ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ട്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ഹോങ്‌കോങ്. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്ക് ഫെബ്രുവരി 17വരെ അവധി പ്രഖ്യാപിച്ചു.
ചൈനയിലേക്കുള്ള എല്ലാ ഔദ്യോഗിക യാത്രകളും റദ്ദാക്കിയിട്ടുമുണ്ട്. ഹോങ്‌കോങ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാരി ലാം ആണ് പ്രഖ്യാപനം നടത്തിയത്.

Loading...

ചൈനയുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിനുള്ള നിരവധി നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഹോങ്‌കോങ്ങിനെയും വൂഹാന്‍ നഗരത്തെയും ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകളും ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെക്കും. കൂടാതെ നഗരത്തില്‍ നടത്താനിരുന്ന ഔദ്യോഗിക പുതുവര്‍ഷാഘോഷങ്ങളും റദ്ദാക്കിയതായി സി.എന്‍.ബി.സി.ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
വായുവിലൂടെ പകരുന്ന കൊറോണ വൈറസുകള്‍ സസ്തനികളുടെയും പക്ഷികളുടെയും ശ്വസനേന്ദ്രിയങ്ങളേയും അന്നനാളത്തെയുമാണ് ആദ്യം ബാധിക്കുന്നത്. സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവ വരെയുണ്ടാകാന്‍ ഇടയാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. ആന്റി വൈറല്‍ മരുന്നുകള്‍ ലഭ്യമല്ലെന്നാണ് ഇത്തരം രോഗങ്ങളുടെ പ്രധാന വെല്ലുവിളി.

സൂര്യന് ചുറ്റുമുള്ള വാതകം നിറഞ്ഞ പ്രദേശമായ കൊറോണയോട് രൂപത്തില്‍ സാമ്യമുള്ളതിനാലാണ് ഈ വൈറസുകള്‍ക്ക് ആ പേര് വന്നത്. ആര്‍.എന്‍.എ വൈറസാണ് കൊറോണ. പക്ഷിമൃഗാദികളിലാണ് ഇവ സാധാരണയായി രോഗങ്ങളുണ്ടാക്കുക. രോഗബാധിതരായ പക്ഷിമൃഗാദികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യരിലേക്കും കൊറോണ വൈറസ് പകരാറുണ്ട്. മനുഷ്യരിലെത്തി കഴിഞ്ഞാല്‍ ജനിതക മാറ്റം സംഭവിച്ച് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും കൊറോണ വൈറസ് പകരാറുണ്ട്.

ഇത്തവണത്തെ കൊറോണ വൈറസ് ബാധയുടെ ഉറവിടം ചൈനയില്‍ നിന്നാണ്. ചൈനയില്‍ വൈറസിന്റെ ഉറവിടം പാമ്പുകളാകാമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് ക്രയ്റ്റ്, ചൈനീസ് കോബ്ര എന്നീ പാമ്പുകളാകാം വൈറസിന്റെ യഥാര്‍ഥകേന്ദ്രമെന്നാണ് സൂചന. പാമ്പ്, എലി, പല്ലി തുടങ്ങിയവയെയെല്ലാം ചൈനക്കാര്‍ ആഹാരമാക്കാറുണ്ട്. ഏറ്റവും പുതിയ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ 25 മരണങ്ങളും ചൈനയിലാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ജലദോഷം മുതല്‍ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരില്‍ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തില്‍ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാന്‍ ഏതാണ്ട് 6 മുതല്‍ 10 ദിവസങ്ങള്‍ വരെ എടുക്കാം.