കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി കാസര്‍കോട് എത്തിയത് ട്രെയിനില്‍

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി കാസര്‍കോട് എത്തിയത് ട്രെയിനില്‍. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും ചൈനയില്‍ നിന്ന് എത്തിയത് ഒരേ വിമാനത്തിലാണ്. ആലപ്പുഴ, തൃശൂര്‍, കാസര്‍കോട് എന്നി ജില്ലകളിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഇവര്‍ മൂന്നുപേരും. ചൈനയിലെ വുഹാനില്‍ നിന്ന് ജനുവരി 24ന് കേരളത്തില്‍ എത്തിയ 36 പേര്‍ അടങ്ങുന്ന സംഘത്തില്‍ പെട്ടവരാണിവര്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ഇവര്‍ മൂന്നുപേരും വിമാനത്തില്‍ അടുത്തടുത്ത സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്നവരാണ്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം എത്തിയ മുഴുവന്‍ പേരും ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

ആലപ്പുഴയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയില്‍ നിന്നാണ് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചത്. കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി നെടുമ്ബാശേരിയില്‍ നിന്ന് ട്രെയിനിലാണ് കാസര്‍കോട് എത്തിയത്. ഒപ്പം യാത്ര ചെയ്തവരെ തിരിച്ചറിഞ്ഞ് ബന്ധപ്പെടാനുളള ശ്രമം ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. ചൈനയില്‍ നിന്ന് വന്നശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി നടപടി എടുക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്.

Loading...

കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് തിരികെ എത്തിയ 2239 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. 2155പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലുമാണ്. 140 സാമ്ബിളുകളാണ് പൂണെ വൈറോളജി ഇന്‍സിസ്റ്റിയൂട്ടിലേക്ക് അയച്ചിരിക്കുന്നത്. ഇതില്‍ 46 എണ്ണത്തില്‍ വൈറസ് സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തി. 91 പേരുടെ റിസല്‍ട്ടാണ് ഇനി വരാനുളളത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും 28 ദിവസം വീടുകളില്‍ തന്നെ തുടരണം. പൊതുഇടങ്ങള്‍ സന്ദര്‍ശിക്കരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

നമ്മൾ സൂക്ഷിക്കേണ്ടത്‌ എന്തെല്ലാമാണ്‌?

* കൊറോണയെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങൾ വാട്ട്‌സ്ആപിലും മറ്റുമായി ഏറെ പ്രചരിക്കുന്നുണ്ട്‌. തൊണ്ട സദാ നനഞ്ഞിരുന്നാൽ കൊറോണ വരില്ല എന്നെല്ലാം വായിച്ചു. ഇതിന്‌ യാതൊരു ശാസ്‌ത്രീയതയുമില്ല. എവിടുന്നു വന്നു എങ്ങോട്ട്‌ പോയി എന്ന്‌ മനസ്സിലാകാത്ത ഈ ജാതി മെസേജുകളെ പൂർണമായും അവഗണിക്കുക. നമുക്ക് കൃത്യമായ അറിയിപ്പുകളും മുൻകരുതലുകളും അപ്‌ഡേറ്റുകളും തരാൻ ഇവിടെ സർക്കാരിന്റെ ആരോഗ്യസംവിധാനങ്ങളുണ്ട്‌. അതിനായി കാതോർക്കുക.

* ഭയക്കേണ്ട സമയമല്ല, മറിച്ച്‌ ജാഗ്രതയോടെ നില കൊള്ളേണ്ട നേരമാണിത്‌.

* ചൈനയിലേക്ക്‌ ഈയിടെ യാത്ര ചെയ്‌തിട്ടുള്ളവർ ആരോഗ്യപ്രവർത്തകർ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക. പനിയോ മൂക്കൊലിപ്പോ മറ്റോ അനുഭവപ്പെട്ടാൽ ഒട്ടും വൈകിക്കാതെ ഡോക്‌ടറെ അറിയിക്കുക.

* രോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞെത്തിയ ശേഷം ‘എനിക്കൊരു കുഴപ്പവുമില്ല, ഞാൻ പുറത്തിറങ്ങും’ എന്ന്‌ പറഞ്ഞ്‌ ഇറങ്ങി നടക്കുന്നതല്ല, ‘എന്നിലൂടെ ആരും രോഗിയാകരുത്‌’ എന്ന്‌ തീരുമാനിച്ച്‌ സ്വയം നിയന്ത്രണങ്ങൾ സൂക്ഷിക്കുന്ന വ്യക്‌തിയാണ്‌ യഥാർത്ഥത്തിൽ ഹീറോ എന്ന്‌ മനസ്സിലാക്കുക.

* ഇത്തരത്തിൽ ആശുപത്രിയിലോ വീട്ടിലോ നിരീക്ഷണത്തിലിരിക്കുന്നവരെ മാരകരോഗിയാക്കി ചിത്രീകരിക്കേണ്ടതില്ല. അത്തരത്തിലുള്ള ‘രോഗിയും’ ഭയക്കേണ്ടതില്ല. ചെറിയ ലക്ഷണങ്ങൾ പോലും നേരത്തേ തിരിച്ചറിഞ്ഞ്‌ ഊർജിതമായ ചികിത്സ തുടങ്ങുന്നതിന്‌ കൂടി സഹായകമാണ്‌ ഈ രീതി. രോഗാണു ശരീരത്തിൽ കയറി രോഗലക്ഷണങ്ങൾ പുറത്ത്‌ വരാൻ എടുക്കുന്ന സമയത്തിന്‌ ഇൻകുബേഷൻ പിരീഡ്‌ എന്നാണ്‌ പറയുന്നത്‌. കൊറോണ വൈറസിന്റെ കാര്യത്തിൽ ഇത്‌ ഇരുപത്തെട്ട്‌ ദിവസമാണ്‌. അത്രയും ദിവസം രോഗം സംശയിക്കുന്ന ആളെ മാറ്റി നിർത്തുന്നതിന്‌ ക്വാറന്റൈൻ എന്ന്‌ പറയുന്നു. ഇത്‌ ആ വ്യക്‌തി രോഗിയെങ്കിൽ കൂടുതൽ പേരിലേക്ക്‌ പടരാതിരിക്കാനാണ്‌. ഇത്‌ ലോകമെങ്ങുമുള്ളതാണ്‌, മുൻകരുതൽ മാത്രമാണ്‌..

* ക്വാറന്റൈനിലുള്ള വ്യക്‌തി തനിച്ച്‌ ഒരു റൂമിലാണ്‌ കഴിയേണ്ടത്‌. അയാൾ ഉപയോഗിച്ച വസ്‌തുക്കൾ മറ്റു കുടുംബാംഗങ്ങൾ ഉപയോഗിക്കാൻ പാടില്ല. നല്ല വായുസഞ്ചാരമുള്ള മുറിയിലാണ്‌ ഈ വ്യക്‌തി കഴിയേണ്ടത്‌. വികാരത്തിനല്ല വിവേകത്തിനാണ്‌ നമ്മൾ ഈ ദിനങ്ങളിൽ മുൻതൂക്കം കൊടുക്കേണ്ടത്‌. കുറച്ച്‌ ദിവസങ്ങളുടെ മാത്രം കാര്യമാണ്‌, വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്‌.

* നവമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌ പോലെ മത്‌സ്യമോ മാംസമോ വേവിച്ച്‌ കഴിച്ചാൽ കൊറോണ വൈറസ്‌ വരില്ല. പാലും മുട്ടയും ഉൾപ്പെടെ മൃഗങ്ങളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങളെല്ലാം നന്നായി വേവിച്ച്‌ കഴിക്കുന്നതിൽ യാതൊരു വിധ ആരോഗ്യഭീഷണിയുമില്ല.

* തുമ്മലോ ചുമയോ ഉള്ളവർ കൈമുട്ടിനകത്തേക്ക്‌ തുമ്മുകയും ചുമയ്‌ക്കുകയും ചെയ്യുക. കർച്ചീഫിന്‌ പകരം ടിഷ്യു പേപ്പർ ഉപയോഗിക്കുക. ഓരോ തവണയും തുമ്മിയ ശേഷം പേപ്പർ വേസ്‌റ്റ്‌ ബാസ്‌ക്കറ്റിൽ കളയുക. കൈ നന്നായി സോപ്പിട്ട്‌ കഴുകുക.