കൊറോണ ഭീതിയിലല്ല; ഐസോലേഷന്‍ ക്യാമ്പില്‍ പാട്ടും നൃത്തവുമായി യുവാക്കള്‍

ന്യൂഡല്‍ഹി: കൊറോണ ഭീതിയില്‍ ശ്വാസം മുട്ടിക്കഴിയുകയാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍. ചൈനയടക്കമുള്ള ചില രാജ്യങ്ങളിലാകട്ടെ ദൈംദിന ജീവിതരീതി പോലും താളം തെറ്റിക്കിടക്കുകയാണ്. അപ്പോഴാണ് കൊറോണ ഭീതിയൊന്നും വകവെക്കാതെ ആട്ടവും പാട്ടുമായി ഒരു കൂട്ടം യുവാക്കള്‍ ശ്രദ്ധേയമാകുന്നത്. അതും ഐസോലേഷന്‍ ക്യാമ്പില്‍.വുഹാനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ സംഘമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മാസ്‌ക് ധരിച്ച് ഡല്‍ഹിക്ക് സമീപമുള്ള ക്യാമ്പില്‍ പാട്ടുപാടി നൃത്തം ചെയ്യുന്ന ഒരു സംഘം പുരുഷന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.ഹരിയാന മനേസാറില്‍ പ്രത്യേകം സജ്ജമാക്കിയ ക്യാമ്പില്‍ 300 പേരെയാണ് ക്വാറെണ്ടെയിന്‍ ചെയ്തിരിക്കുന്നത്. കൊറോണ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ക്യാമ്പിനെ 50 വിദ്യാര്‍ഥികള്‍ അടങ്ങുന്ന സെക്ടറുകളാക്കി തിരിച്ചിട്ടുണ്ട്. ഇവയില്‍ ഓരോ സെക്ടറുകളും വീണ്ടും വിഭജിച്ചിട്ടുണ്ട്. വിവിധ സെക്ടറുകളില്‍ കഴിയുന്നവര്‍ക്ക് ഒന്നിച്ച് ഇടപഴകാനുള്ള അനുവാദമില്ല. മൂന്നുപാളികളുള്ള മാസ്‌ക് ധരിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശമുണ്ട്. ഇതിനുപുറമേ നിത്യവും വൈദ്യ പരിശോധനയ്ക്ക് വിധേയമാവുകയും വേണം. 14 ദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ ഇവര്‍ക്ക് വീട്ടിലേക്ക് പോകാം. കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതി മനസ്സിനെ തളര്‍ത്താതിരിക്കാന്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ മാര്‍ഗമാണ് ക്യാമ്പിനകത്തെ പാട്ടും നൃത്തവും.

Loading...

‘കൊറോണ വൈറസ് ഹരിയാന്‍വി ഈണത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നു. ഇന്ത്യന്‍ സൈന്യം നിര്‍മിച്ച ഹരിയാനയിലെ മനേസാറിലെ കൊറോണ വൈറസ് ഐസൊലേഷന്‍ ക്യാമ്പില്‍ ചൈനയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച ഉത്സാഹികളായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കണ്ടതില്‍ സന്തോഷമുണ്ട്.’ ബിജെപി അംഗമായ മേജര്‍ സുരേന്ദ്ര പൂന വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു. എയര്‍ ഇന്ത്യ വക്താവ് ധന്‍ജയ് കുമാര്‍ ഉള്‍പ്പടെ നിരവധി പേര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘ഇതാണ് ഇന്ത്യന്‍ യുവത്വത്തിന്റെ മനോഭാവം.’ഇങ്ങനെയായിരിക്കണം നാം.’ തുടങ്ങി നിരവധി പോസറ്റീവ് കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതിനുള്ള ഇ-വിസകള്‍ താത്കാലികമായി റദ്ദാക്കി. ചൈനയിലെ ഇന്ത്യന്‍ എംബസിയുടേതാണ് തീരുമാനം. ചൈനീസ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ചൈനയില്‍ താമസിക്കുന്ന മറ്റ് വിദേശരാജ്യക്കാര്‍ക്കും ഇത് ബാധകമാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. നേരത്തെ ഇന്ത്യയിലേക്ക് അനുവദിച്ച ഇ-വിസകള്‍ക്ക് ഇന്നുമുതല്‍ സാധുതയില്ലെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ നേരത്തെ വിസ ലഭിച്ചവര്‍ക്ക് ഇതുപയോഗിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകില്ല.

അതേസമയം, അടിയന്തര ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് പോകേണ്ടവര്‍ ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിക്ക് പുറമേ, ഗ്വാങ്ഷു, ഷാങ്ഹായി എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലും ഇവര്‍ക്ക് ബന്ധപ്പെടാം ഇവിടങ്ങളിലെ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്ററുകളിലും സേവനം ലഭിക്കും. കൊറോണ വൈസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍നിന്ന് അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് ഇന്ത്യന്‍ എംബസി ഇ-വിസകള്‍ താത്കാലികമായി റദ്ദാക്കിയത്. പതിനായിരത്തിലേറെ പേര്‍ക്കാണ് ഇതിനോടകം ചൈനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.