കത്ത് വിവാദം ; ഡി.ആർ.അനിലിനെ ബലികൊടുത്ത് മേയറെ രക്ഷിച്ചെടുത്ത് സി.പി.എം

    തിരുവനന്തപുരം : നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷപാർട്ടികളുടെ സമരങ്ങൾ അവസാനിച്ചെങ്കിലും കത്തിന്റെ ഉറവിടം ഇപ്പോഴും കാണാമറയത്താണ്. ക്രൈംബ്രാഞ്ചിെന്റയും വിജിലൻസിെന്റയും അന്വേഷണങ്ങൾ നിലച്ച സ്ഥിതിയാണ്. കോർപ്പറേഷനിലെ കംപ്യൂട്ടറുകൾ പ്രാഥമിക സാങ്കേതിക പരിശോധനയ്ക്കു ശേഖരിച്ചിട്ടില്ല. ആരോപണവിധേയരായ സി.പി.എം. നേതാക്കൾ പോലും കത്ത് വ്യാജമാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടില്ല. അതിനാൽത്തന്നെ ഡി.ആർ.അനിലിനെ ബലികൊടുത്ത് മേയറെ രക്ഷിച്ചെടുത്തുകൊണ്ടുള്ള ഇപ്പോഴത്തെ ഒത്തുതീർപ്പ് സി.പി.എമ്മിന് ആശ്വാസകരമാണ്.

    കത്തുകൾ പുറത്തുവന്ന സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചും ഇതുവരെ അന്വേഷണം നടന്നിട്ടില്ല. 56 ദിവസമായി തുടരുന്ന സമരമാണ് പ്രതിപക്ഷ പാർട്ടികൾ അവസാനിപ്പിച്ചത്. കൗൺസിലർമാർ തുടർച്ചയായി കോർപ്പറേഷൻ സമരത്തിലേക്കു ശ്രദ്ധകേന്ദ്രീകരിക്കുന്നത് മറ്റു പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. എന്നാൽ സി.പി.എം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയാണ് കത്തുകൾ പുറത്തുവരാൻ കാരണമെന്നാണ് ആരോപണം.

    Loading...

    യുവജന നേതാക്കളുടെ മോശം പെരുമാറ്റവും ലഹരിയുപയോഗവും അടക്കമുള്ള വിഷയങ്ങളിൽ പ്രതിസന്ധിയിലായ സി.പി.എം. ജില്ലാ നേതൃത്വത്തിന് കോർപ്പറേഷൻ വിഷയം താൽക്കാലികമായി ഒത്തുതീർക്കുക എന്നത് അത്യാവശ്യമായിരുന്നു. ഡി.ആർ.അനിലിനെതിരേ ജില്ലാ നേതൃത്വത്തിൽ ഒരു വിഭാഗവും ശക്തമായി രംഗത്തെത്തിയിരുന്നു.

    കോർപ്പറേഷനിലെ തുടർച്ചയായ പല വിവാദങ്ങൾക്കും പിന്നിൽ അനിലാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കോർപ്പറേഷനിലെ പാർട്ടിയുടെ ഉന്നതസ്ഥാനമായ പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്ത് നിലനിർത്തിയതിലൂടെ അനിലിനെ പാർട്ടി കൈവിട്ടതല്ലെന്ന സന്ദേശവും സി.പി.എം. നൽകുന്നുണ്ട്.

    മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ, ആരോഗ്യവിഭാഗത്തിലെ 295 നിയമനങ്ങൾക്കുള്ള പട്ടിക തേടി സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്താണ് ആദ്യം പുറത്തുവന്നത്. എസ്.എ.ടി. ആശുപത്രിയിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഒമ്പത് ജീവനക്കാരെ നിയമിക്കാനുള്ള പട്ടിക തേടിയുള്ള ഡി.ആർ.അനിലിന്റെ കത്തും തൊട്ടുപിന്നാലെ പുറത്തുവന്നു. മെഡിക്കൽ കോളേജ് ഭാഗത്ത് പാർട്ടി നേതാക്കളുടെ സമൂഹമാധ്യമ ഗ്രൂപ്പിലാണ് കത്ത് പ്രചരിച്ചത്. ഈ കത്തുകളുടെ പേരിൽ മേയറും സ്ഥിരംസമിതി അധ്യക്ഷനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി.യും യു.ഡി.എഫും 56 ദിവസമായി സമരം നടത്തിവന്നത്.

    കത്ത് താൻ എഴുതിയിട്ടില്ലെന്ന് മേയറും ഇങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പറഞ്ഞിരുന്നു. തന്റെ പേരിലുള്ള കത്ത് തയ്യാറാക്കിയതാണെന്ന് അനിൽ സമ്മതിച്ചു. ഇത് പാർട്ടി ജില്ലാ സെക്രട്ടറിക്കു കൈമാറിയിട്ടില്ലെന്നായിരുന്നു പറഞ്ഞത്. കത്ത് സംബന്ധിച്ച് ഹൈക്കോടതിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാനിലും കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസുകൾ ചൂണ്ടിക്കാട്ടിയാണ് ചർച്ചയിൽ മേയറുടെ രാജി ആവശ്യത്തിൽനിന്ന്‌ സർക്കാർ ഒഴിഞ്ഞുമാറിയത്.