രാഹുല്‍ ഗാന്ധിക്ക് വെള്ളമെത്തിക്കാന്‍ വൈകി; കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി താമസിക്കുന്ന പള്ളിമുക്ക് യൂനുസ് എന്‍ജിനിയറിങ് കോളേജ് വളപ്പിലേക്ക് വെള്ളമെത്തിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. വെഹിക്കിള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിജു ഗോപി എന്നിവരെയാണ് മേയര്‍ പ്രസന്ന ഏണസ്റ്റ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

രാവിലെ എട്ടിന് നല്‍കാമെന്നു പറഞ്ഞ വെള്ളം ഉച്ചയ്ക്ക് ഒരുമണിക്കാണ് എത്തിച്ചത്. പണമടച്ചിട്ടും വെള്ളം നല്‍കാന്‍ വൈകിയതായി കാട്ടി യാത്ര സംഘാടകസമിതി കോ-ഓര്‍ഡിനേറ്റര്‍ അന്‍സാര്‍ അസീസ് മേയര്‍ പ്രസന്ന ഏണസ്റ്റിന് പരാതി നല്‍കിയിരുന്നു. പേവിഷപ്രതിരോധ പരിപാടിക്ക് പോകാന്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ ഡ്രൈവര്‍മാര്‍ എത്താന്‍ വൈകി. ഈ സമയത്ത് ടാങ്കര്‍ ലോറി ജീവനക്കാരെ ഡ്രൈവറായി നിയോഗിച്ചത്രേ. ഇതോടെ ടാങ്കര്‍ ലോറി ഓടിക്കാന്‍ ആളില്ലാതാവുകയായിരുന്നു.

Loading...

ഡി.സി.സി ജനറല്‍ സെക്രട്ടറിയും യാത്രയുടെ ഇരവിപുരം മണ്ഡലം കോ-ഓര്‍ഡിനേറ്ററുമായ അന്‍സര്‍ അസീസ് നല്‍കിയ പരാതിയില്‍ വെഹിക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിജുഗോപി എന്നിവരെയാണ് അന്വേഷണ വിധേയമായി മേയര്‍ സസ്പെന്‍ഡ് ചെയ്തത്. ഒരു ലോഡിന് 1888 രൂപ നിരക്കില്‍ 9 ലോഡിനായി 16992 രൂപ മുന്‍കൂറായി അടയ്ക്കുകയും 8 ലോഡ് കഴിഞ്ഞ ദിവസം രാത്രി 7 ഓടെ നല്‍കുകയും ചെയ്തു. ബാക്കിയുള്ള ഒരു ലോഡ് ഇന്നലെ രാവിലെ 7ന് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഉച്ചയ്ക്ക് ഒന്നോടെയാണ് നല്‍കിയത്. ടാങ്കറിന്റെ മൂന്ന് ഡ്രൈവര്‍മാരില്‍ രണ്ടുപേര്‍ അവധിയിലായിരുന്നതും ഒരാള്‍ ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണിന്റെ വാഹനത്തില്‍ ഡ്യൂട്ടിക്കായി പോയതുമാണ് വെള്ളമെത്തിക്കാന്‍ വൈകിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്. വെള്ളം കൃത്യസമയത്ത് വിതരണം ചെയ്യാന്‍ വൈകിയത് കൃത്യവിലോപമായതിനാല്‍ തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് മാറ്റി നിറുത്തുകയാണെന്നും മേയര്‍ അറിയിച്ചു