ഫ്ലോറിഡയില്‍ ബീച്ചില്‍ സെക്‌സിലേര്‍പ്പെട്ട ദമ്പതികള്‍ക്ക്‌ 15 വര്‍ഷം തടവ്‌

ഫ്ലോറിഡ: ഫ്ലോറിഡയില്‍ ബ്രാഡെന്റണ്‍ ബീച്ചില്‍ സെക്‌സിലേര്‍പ്പെട്ട ദമ്പതികള്‍ക്ക് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ. കുട്ടികളും കുടുംബങ്ങളും നോക്കിനില്‍ക്കേ പൊതുസ്‌ഥലത്ത്‌ സെക്‌സിലേര്‍പ്പെട്ട ദമ്പതികള്‍ക്കാണ് യുഎസ്‌ കോടതി 15 വര്‍ഷം തടവിന്‌ ശിക്ഷ വിധിച്ചത്. ഫ്‌ളോറിഡ കമിതാക്കളായ എലീസ അല്‍വാരസ്‌ എന്ന 20 കാരിയെയും കാമുകന്‍ 40 കാരന്‍ ജോസ്‌ കാബല്ലെറെയുമാണ് കോടതി ശിക്ഷിച്ചത്. ബീച്ചില്‍ അവധി ചെലവഴിക്കാനെത്തിയ അനേകര്‍ നോക്കി നില്‍ക്കേ അശ്‌ളീല നടപടികള്‍ നടത്തിയെന്നാണ്‌ കേസ്‌. 2014 ജൂലൈയില്‍ നടന്ന സംഭവത്തില്‍ തിങ്കളാഴ്‌ചയാണ്‌ കോടതി ശിക്ഷിച്ചത്‌.

ലൈംഗിക കുറ്റകൃത്യത്തിനായിരുന്നു കേസ്‌ എടുത്തത്‌. ഇരുവരുടേയും പ്രവര്‍ത്തിയുടെ വീഡിയോ ദൃശ്യവും കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. ബീച്ചില്‍ അനേകം കുടുംബങ്ങള്‍ അവധി ആഘോഷിക്കാന്‍ എത്തിയിരുന്നെന്നും പട്ടാപ്പകല്‍ മൂന്ന്‌ വയസ്സുള്ള കുഞ്ഞുങ്ങള്‍ പോലും നോക്കി നില്‍ക്കേ നാണമില്ലാത്ത പ്രവര്‍ത്തി കാട്ടിയെന്നാണ്‌ ആരോപണം. രണ്ടുപേരും ഒന്നര ദശാബ്‌ദം അഴിക്കുള്ളില്‍ ചെലവഴിക്കേണ്ടി വരും. ഇത്‌ രണ്ടാം തവണയാണ്‌ ദീര്‍ഘതടവിന്‌ കാബല്ലെറോ ശിക്ഷിക്കപ്പെടുന്നത്‌. നേരത്തേ കൊക്കെയ്‌ന്‍ കടത്തിയതിന്‌ എട്ടു വര്‍ഷം ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

Loading...

അതേസമയം അല്‍വാരസിന്‌ ക്രിമിനല്‍ റെക്കോഡുകള്‍ ഇതുവരെയില്ല. വിധി കേട്ടതും അല്‍വാരസും പിതാവും കോടതിയില്‍ വിതുമ്പി. ആരോപിക്കപ്പെടുന്ന കുറ്റം ഇരുവരും ചെയ്‌തിട്ടില്ലെന്നും കാബല്ലെറോയ്‌ക്ക് മുന്നില്‍ അല്‍വാരസ്‌ നൃത്തം ചെയ്യുകയായിരുന്നെന്നുമാണ്‌ ഇവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞത്‌.