കെവിൻ ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് കുരുക്കു മുറുകി; കുറ്റപത്രത്തിന് കോടതിയുടെ അംഗീകാരം

ദുരഭിമാനത്തെ തുടർന്ന് കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു. പത്ത് വകുപ്പുകളാണ് പ്രതികൾക്ക് മേൽ പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. ഇതിൽ കൊലപാതകം, ഗൂഡാലോചന തുടങ്ങിയ വകുപ്പുകളുമുണ്ട്. കുറ്റപത്രം അംഗീകരിച്ച കോടതി കേസ് മാർച്ച് 20ലേക്ക് മാറ്റി. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി 4 ആണ് കേസ് പരിഗണിക്കുന്നത്.

കേസിൽ കുറ്റപത്രത്തിൻമേലുള്ള പ്രാഥമിക വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിൻ ജോസഫിനെ വധുവിന്‍റെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നതാണ് കേസ്. കഴിഞ്ഞ വർഷം മെയ് ഇരുപത്തിയേഴിനാണ് കെവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാഹചര്യ തെളിവുകൾ മാത്രം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചിരുന്നു. കെവിൻ മുങ്ങി മരിച്ചതാണെ പോസ്റ്റുമോർട്ടം റിപ്പോർട്ടും, മൃതദേഹം കണ്ടെത്തിയ പുഴയുടെ സമീപം വെച്ച് കെവിൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതായുള്ള ബന്ധു അനീഷിന്റെ മൊഴിയും പ്രതിഭാഗം അഭിഭാഷകൻ നിരത്തി. ഈ വാദത്തെ പൂർണ്ണമായും തളളിയ പ്രോസിക്യൂഷൻ കെവിനെ കൊലപ്പെടുത്തിയതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് വ്യക്തമാക്കി.