മഹാപ്രളയം മനുഷ്യ നിര്‍മിതമോ? പ്രളയത്തില്‍ ഡാം തുറന്നുവിട്ടതില്‍ സര്‍ക്കാരിന് പാളിച്ച: അമിക്കസ് ക്യുറി

കൊച്ചി: പ്രളയത്തില്‍ ഡാം തുറന്നുവിട്ടതില്‍ സര്‍ക്കാരിന് പാളിച്ചപറ്റിയെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

49 പേജുകളുള്ള വിശദമായ റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും മുന്നറിയിപ്പ് നല്‍കാതെയും ഡാമുകള്‍ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെളി അടഞ്ഞു കിടന്നിടത്ത് വെള്ളം കൂടുതല്‍ ഒഴുകിയെത്തിയതോടെയാണ് പല ഡാമുകളും നിറയാന്‍ കാരണമായതെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ലെന്നും, കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രളയം നേരിട്ടപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ വീഴ്ചപറ്റിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വെണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയമിച്ചത്.

തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ സാഹചര്യത്തില്‍ അമിക്കസ് ക്യുറിയുടെ ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് തലവേദനയാകുമെന്നതില്‍ സംശയമില്ല.