ആദിത്യനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.. ശാരീരികവും മാനസികവുമായി പീഡിപ്പിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം

കൊച്ചി: സിറോ മലബാര്‍ സഭ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി ആദിത്യനെ 24 മണിക്കൂര്‍ കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കാക്കനാട് ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ആദിത്യനെ ശാരീരികമോ മാനസികമോ ആയി പീഡിപ്പിക്കാന്‍ പാടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവും കോടതി നല്‍കി. പീഡനമേറ്റാല്‍ അക്കാര്യം തുറന്നുപറയണമെന്നും മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്.

ആദിത്യനെ പോലീസ് കസ്റ്റഡിയില്‍ വിടുന്നതിനെ പ്രതിഭാഗം അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. ആദിത്യയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല.

മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് സമര്‍പ്പിച്ചിരുന്നത്. നാളെ 12 മണിക്ക് ആദിത്യയെ കോടതിയില്‍ ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ കസ്റ്റഡിയിലായ ആദിത്യനെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.

പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഇന്നലെ ആദിത്യന്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മജിസ്‌ട്രേറ്റ് നേരിട്ട് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.