ഫ്‌ലോറിഡ: ജീവിതത്തില്‍ നമ്മള്‍ അനേകരെ പരിചയപ്പെടുന്നു. എന്നാല്‍ പല ബന്ധങ്ങളും ഇടയ്ക്ക് വച്ച് മുറിയപ്പെടുന്നു. ജീവിതത്തില്‍ ചിലപ്പോള്‍ ചിലരെ അവിചാരിതമായി കണ്ടെത്തിയെന്നും വരാം. അതുപോലൊരു കൂടിക്കാഴ്ചയാണിത്. മുപ്പത് വര്‍ഷത്തിന് ശേഷം ചെറുപ്പത്തിലെ സുഹൃത്തിനെ ഒരു കോടതിമുറിയില്‍ വച്ച് കണ്ടുമുട്ടിയ സംഭവമാണിത്. അതും ഒരാള്‍ ജഡ്ജിയും മറ്റെയാള്‍ പ്രതിയും. അമേരിക്കയിലെ ഫ്ലോറിഡയിലെ ഒരു കോടതിമുറിയാണ് സിനിമയെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തത്തിനു സാക്ഷിയായത്. ഈ കൂടിക്കാഴ്ചയുടെ വീഡിയോ ഇന്ന് ഇന്റെര്‍നെറ്റില്‍ വൈറലായി മാറിക്കഴിഞ്ഞു.

മോഷണക്കേസിന് പിടിയിലായ 49കാരനായ ആര്‍തര്‍ ബൂത്ത് 30 വര്‍ഷത്തിന് ശേഷമാണ് ചെറുപ്പത്തിലെ കളികൂട്ടുകാരി മിന്‍ഡി ഗ്ലേസറിനെ കാണുന്നത്. ആദ്യമായി കണ്ടപ്പോള്‍ തന്നെ ആര്‍തര്‍ ബൂത്ത് ഏത് സ്കൂളിലാണ് പഠിച്ചതെന്ന് ജഡ്ജ് മിന്‍ഡി ചോദിച്ചു. ഉടന്‍ തന്നെ ബൂത്തിനും കളികൂട്ടുകാരിയെ ഓര്‍ത്തു. തുടര്‍ന്ന് എന്റെ ദൈവമേ എന്ന് വാവിട്ടുകരയുന്ന ബൂത്തിനെയാണ് കോടതിയില്‍ കണ്ടത്. അപ്പോള്‍ ജഡ്ജിന്റെയും കണ്ഠ ഇടറുന്നുണ്ടായിരുന്നു എന്നാല്‍ മിന്‍ഡി അത് പുറത്തുകാട്ടിയില്ല. ബൂത്തിനെ ഇങ്ങനെ കാണേണ്ടി വന്നതില്‍ ഏറെ ദുഖമുണ്ട്, സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു ബൂത്ത്. ഇദ്ദേഹത്തോടൊപ്പം ഫുട്‌ബോള്‍ കളിച്ചിട്ടുള്ളത് ഞാന്‍ ഓര്‍ക്കുന്നു. വളരെ ദുഖകരമായ അവസ്ഥയാണ് ഇത്. മിന്‍ഡി ഒടുവില്‍ ആര്‍തറിനു തടവൊഴിവാക്കി 44,000 ഡോളറിന്റെ ബോണ്ടില്‍ ബൂത്തിനെ വിട്ടയച്ചു. ജീവിതം മാറട്ടെയെന്നും ജഡ്ജ് മിന്‍ഡി ഗ്ലേസര്‍ ആശംസിച്ചു.

Loading...