പൂന്തുറയില്‍ വ്യാജപ്രചരണമെന്ന് ആരോപിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി

തിരുവനന്തപുരം: തലസ്ഥാനനഗരിയുടെ ആശങ്കയാണ് ഇപ്പോള്‍ പൂന്തുറ തീരപ്രദേശം. സംസ്ഥാനത്ത് തന്നെ ആദ്യമായി കൊവിഡ് 19 സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായത് തിരുവനന്തപുരത്തെ പൂന്തുറയിലാണ്. ഇവിടെയാണ് ഇപ്പോള്‍ പ്രതിഷേധം പടരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കൊവിഡ് പടരുന്നു എന്നത് വ്യാജ പ്രചരണമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ ആരോപണം ഉന്നയിച്ചാണ് ഇപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പൊലീസ് അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ വിലക്ക് ലംഘിച്ച് റോഡിലിറങ്ങിയത്.

പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡില്‍ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങള്‍ പോലും കിട്ടാനുമില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. അതേസമയം തൊട്ടടുത്ത പ്രദേശത്തെ കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ പോലും പൊലീസ് അനുമതി നല്‍കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. ഇതാണ് വാക്കേറ്റത്തിനും പൊലീസിനെതിരായ പ്രതിഷേധങ്ങള്‍ക്കും എല്ലാം കാരണമായിരിക്കുന്നത്.അതേസമയം അടുത്തടുത്ത് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമേഖലയാണ്. അതുകൊണ്ട് രോഗവ്യാപന സാധ്യത വളരെ കൂടുതലാണെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിലയിരുത്തുന്നത്.അവശ്യ സാധനങ്ങളോ അത്യാവശ്യ ചികിത്സയോ പോലും കിട്ടാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് നാട്ടുകാരുടെ ആരോപണം

Loading...