കൊറോണ സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി ഇടപഴകിയ 36 പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊറോണ സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി ഇടപഴകിയ 36 പേരെ നിരീക്ഷണത്തിലാക്കി. എറണാകുളം ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 36 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇവരുടെ പരിശോധനാഫലങ്ങള്‍ എല്ലാം നെഗറ്റീവ് ആണെന്നും ഇന്നും നാളെയുമായി ലഭിക്കുമെന്നാണ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞത്.ജില്ലയിൽ സമൂഹവ്യാപനമില്ല എന്നാണ് കരുതുന്നതെന്നും, എല്ലാ ജാഗ്രതയും പാലിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം ജില്ലയുടെ ചുമതല വി എസ് സുനിൽകുമാറിനാണ്. എറണാകുളം ജില്ലയിലെ എല്ലാ അതിഥി തൊഴിലാളികളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഡാറ്റ ബേസ് തയ്യാറായി വരുന്നു എന്നും മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കി. അതിഥി തൊഴിലാളികൾക്ക് മികച്ച ഭക്ഷണം കിട്ടുന്നുണ്ടോ എന്ന് ലേബർ ഓഫീസർമാർ വിലയിരുത്തും. അതിഥി തൊഴിലാളികൾ താമസിക്കുന്ന 365 കേന്ദ്രങ്ങളിലും ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ചു എന്നും മന്ത്രി. 5312 പേർ എറണാകുളം ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇനി 75 പരിശോധനാഫലം കിട്ടാനുണ്ട് എന്നും മന്ത്രി അറിയിച്ചു.

Loading...

അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 215 ആയി. തിരുവനന്തപുരം കാസര്‍കോട് ജില്ലകളില്‍ രണ്ട് പേര്‍ വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകള്‍ക്ക് വീതവുമാണ് വൈറസ് ബാധിച്ചത്. ഇന്ന് പത്തനംതിട്ട കണ്ണൂര്‍ ജില്ലകളിലെ രണ്ട് പേരുടെ വീതം പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തി അറുപത്തി ഒന്‍പതിനായിരം ആയി. 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 150 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

7485 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളിൽ കൂടുതൽ സാമ്പിളുകൾ എടുക്കുന്നു. ടെസ്റ്റിങിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്ത് റിസൾട്ട് വാങ്ങാനാവുമന്നാണ് കണക്ക് കൂട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പോത്തൻകോട് സ്വദേശി അബ്ദുൾ റഷീദിന്‍റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. സമ്പര്‍ക്കം എവിടെ നിന്നാണെന്ന് വ്യക്തമല്ലെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. ഹൃദ് രോഗം അടക്കമുള്ള രോഗങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു.കൊവിഡ് മരണം നടന്ന തിരുവനന്തപുരത്തെ പോത്തൻകോട് അതീവ ജാഗ്രതയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

പോത്തൻകോട് മാത്രമല്ല സമീപ പ‍ഞ്ചായത്തുകളിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റവിൽ എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.കാസർകോട് ജില്ലയിൽ 163 പേർ ആശുപത്രിയിൽ. കണ്ണൂരിൽ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കാസർകോട് ജില്ലക്ക് വേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കും. പഞ്ചായത്ത് തല ഡാറ്റയെടുത്ത് പെട്ടെന്ന് പരിശോധനക്ക് അയക്കും. രോഗലക്ഷണം ഉള്ലവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കും.കാസർകോട് മെഡിക്കൽ കോളേജിൽ പ്രവർത്തനം തുടങ്ങും. മാസ്കുകൾക്ക് ദൗർലഭ്യമില്ല. എൻ95 മാസ്ക് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവർക്ക് മാത്രം ഉപയോഗിക്കാവുന്ന നിലയിലാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കും. പൊലീസ് വിശദമായ പരിശോധന നടത്തി പങ്കെടുത്തവരുടെ ലിസ്റ്റ് കളക്ടർമാർ മുഖേന നൽകി.