ലണ്ടൻ: ലണ്ടനില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷിന്റോ ജോര്‍ജ് (36) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ലണ്ടനില്‍ മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ഷിന്റോ. കോവിഡ് ബാധിച്ച് ഇതുവരെ 16 മലയാളികളാണ് വിദേശത്ത് മരിച്ചത്. ലണ്ടനിലെ റെഡ് ഹില്ലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു സിന്‍റോ ജോർജ്. എന്നാൽ ഇടയ്ക്ക് റസ്റ്റോറന്‍റിൽ പാർട്ട് ടൈമായും ജോലി ചെയ്തിരുന്നു ഇദ്ദേഹം.
രണ്ടാഴ്ച മുമ്പാണ് സിന്‍റോയ്ക്ക് അസുഖം സ്ഥിരീകരിച്ചത്. ലണ്ടനിൽ നിയന്ത്രണങ്ങൾ തുടങ്ങിയതിനാൽ ഇദ്ദേഹം ഒരു മാസമായി ആശുപത്രിയിൽ ജോലിക്ക് പോയിരുന്നില്ല. എന്നാൽ ഇടയ്ക്ക് രണ്ട് ദിവസം ഒരു റസ്റ്റോറന്‍റിൽ പാർട് ടൈമായി ജോലി ചെയ്യാൻ പോയിരുന്നു. സിന്‍റോയുടെ അയൽപക്കത്തെ കുടുംബത്തിലുള്ളവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ റസ്റ്റോറന്‍റിൽ നിന്നാണോ അടുത്ത വീട്ടിൽ നിന്നാണോ ഇദ്ദേഹത്തിന് അസുഖം പകർന്നത് എന്നതിൽ വ്യക്തതയില്ല. അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ച മുമ്പ് സ്ഥിതി ഗുരുതരമായി, തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായി. തുടർന്ന് മരണം സംഭവിക്കുകയായായിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യയും മൂന്ന് മക്കളും ലണ്ടനിൽത്തന്നെയാണുള്ളത്. ഭാര്യയ്ക്ക് ജോലിയില്ല. കഴിഞ്ഞ ഒരാഴ്ചയായി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു സിന്‍റോ. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. കുടുംബാംഗങ്ങൾക്ക് കാണാനും അവസരമുണ്ടാകില്ല. സുരക്ഷാമാനദണ്ഡങ്ങളോടെ ലണ്ടനിൽത്തന്നെ മൃതദേഹം സംസ്കരിക്കുമെന്ന് റെഡ് ഹിൽ മലയാളി അസോസിയേഷൻ അറിയിച്ചു.
ഇതോടെ, വിദേശത്ത് കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ എണ്ണം 16 ആയി. ഇന്നലെയും ഇന്നുമായി മരിച്ചത് ആറ് മലയാളികളാണ്.
ഇന്നലെയും ഇന്നുമായി വിവിധ രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്ത മരണവിവരങ്ങൾ ഇങ്ങനെ: കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസും മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശി ഏലിയാമ്മ ജോണുമാണ് അമേരിക്കയിൽ മരിച്ചത്. കൊട്ടാരക്കര സ്വദേശി ഇന്ദിര ലണ്ടനിൽ മരിച്ചു. കണ്ണൂർ കോളയാട് സ്വദേശി ഹാരിസ് ആലച്ചേരി യുഎഇയിലാണ് മരിച്ചത്. അജ്‌മാനിലെ സ്വകാരുണ്യ ആശുപത്രിയിൽ ആയിരുന്നു ഹാരിസിന്‍റെ മരണം.