സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, 27ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് കോവിഡ് ബാധിച്ച് മരിച്ചത്. 76 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. തങ്കപ്പന്‍ മുംബൈയില്‍ നിന്നും എത്തി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെ ആരോഗ്യനില വഷളായി. ജൂണ്‍ 27ന് മരണം സംഭവിച്ചു.

രക്ത സമ്മര്‍ദ്ദം അടക്കമുള്ള പ്രശ്‌നങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. മരണത്തിന് ശേഷം നടത്തിയ സ്രവ പരിശോധന ഫലത്തിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്നും നാട്ടില്‍ എത്തിയപ്പോള്‍ തന്നെ തങ്കപ്പന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ജനറല്‍ ആശുപത്രിയിലാണ് ഇദദ്ദേഹം ചികിത്സ തേടി ആദ്യം എത്തിയത്. തുടര്‍ന്ന് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ എത്തി ഒരു മണിക്കൂറിനകം ഇദ്ദേഹത്തിന് മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

Loading...

മുംബൈയില്‍ നിന്ന് എത്തിയത് കൊണ്ട് സ്രവ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും ലഭിച്ച ഫലം പോസിറ്റീവ് ആയിരുന്നു. ഇതോടെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലത്തിനായി കൂടി കാത്തിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം സ്വദേശിക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.