കോവിഡ് ബാധിച്ച് സ്ത്രീ മരിച്ചു, മകന്‍ ഡോക്ടറെ കുത്തി

മുംബൈ: അമ്മ കോവിഡ് ബാധിച്ച് മരിച്ചതോടെ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ച് മകന്‍. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ആല്‍ഫ സുരപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്.

ഡോ. ദിനേശ് വര്‍മ്മയ്ക്ക് ആണ് കുത്തേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ ഇദ്ദേഹത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറെ കുത്തിയ 35കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.

Loading...

അക്രമിയുടെ 60 വയസുള്ള അമ്മ ജൂലൈ 25ന് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ എത്തുനന്ത്. മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇവരുടെ സ്ഥിതി ഗുരുതരമായിരുന്നു. ബുധനാഴ്ച രാവിലെ ഇവര്‍ മരിച്ചു.

ഇവരുടെ ആരോഗ്യനില മോശമാണെന്ന് മകനെയും മറ്റു ബന്ധുക്കളെയും ദിനേശ് വര്‍മ്മ അറിയിച്ചിരുന്നു. ഇതേച്ചൊല്ലി ഡോക്ടറുമായി ഇവര്‍ തര്‍ക്കമുണ്ടാവുകയും പിന്നീട് മകന്‍ കത്തിയെടുത്ത് ഡോക്ടറെ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡോക്ടറുടെ നെഞ്ചിലാണ് കുത്തേറ്റതെന്നാണ് വിവരം.

സംഭവത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രാദേശിക ഘടകം പ്രതിഷേധിച്ചു. സംഭവം നടന്ന ജില്ലയിലെ ആശുപത്രികളിലെ ഒപികള്‍ അടച്ച് ഐഎംഎ പ്രതിഷേധിച്ചു. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.