രാജ്യത്തെ കൊവിഡ് കേസുകളിൽ മൂന്നിലൊന്നും കേരളത്തിൽ; ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്രം

ദില്ലി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുകയാണ്. 24 മണിക്കൂറിനിടെ ഉയർന്ന തോതിലുള്ള കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 3,962 പേർക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. 0.89 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കായിരുന്നു ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇന്നലെത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് സർക്കാർ അറിയിച്ചു.

നിലവിൽ 22,416 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ, 2,967 പേർ രോഗമുക്തരായി. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്. കേരളം കൂടാതെ തമിഴ‍്‍നാട്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കൂടിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്രം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കേരളത്തിൽ 11 ജില്ലകളിൽ രോഗികളുടെ എണ്ണം ഉയരുന്നതിൽ കേന്ദ്രം ആശങ്ക അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ 6 ജില്ലകളിലും തമിഴ‍്‍നാട്ടിൽ രണ്ട് ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടുന്നത് ശ്രദ്ധിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

Loading...