തലയില്‍ ചക്ക വീണയാള്‍ പരിയാരത്ത് ചികിത്സ തേടി;പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: തലയില്‍ ചക്ക വീണ് പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലെ ബേളൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിദേശത്ത് നിന്ന് എത്തിയവരുമായി ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

എന്നാല്‍ ഇത് ആശങ്കയുണ്ടാക്കുന്ന സംഭവമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയത്. സമാനമായ രീതിയില്‍ നേരത്തെ പരിയാരത്ത് എത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലാതെ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയ മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍ കരുതലിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. ആരോഗ്യവകുപ്പ് അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Loading...

നേരത്തെ പേരാവൂരിനടുത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ പുതുച്ചേരി സ്വദേശിക്കും അതുപോലെ പ്രസവ ചികിത്സയ്‌ക്കെത്തിയ അയ്യങ്കുന്നിലെ ആദിവാസി യുവതിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. അതേസമയം തന്നെ ദുബായില്‍ നിന്ന് ഇന്നലെ എത്തിയ രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങളെതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.