കൊവിഡ് ഭീതി; കേന്ദ്രം കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കത്തയച്ചു

ദില്ലി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകളിൽ കുത്തനെ വർദ്ധനവ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ‌ ആശങ്കപ്പെടുന്ന രീതിയിലാണ് കേസുകൾ വർദ്ധിക്കുന്നത്. ഇതേത്തുടർന്ന് കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. മാസ്‌കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ശക്തമാക്കണമെന്നാണ് നിർദേശം. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേരളത്തിന് പുറമേ തെലങ്കാന, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലെ പോസ്റ്റീവിറ്റി നിരക്കിലും കേന്ദ്രം ആശങ്കയറിച്ചു.

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഒരു ദിവസത്തിനിടെ 4041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയത്. കഴിഞ്ഞ ആഴ്ചകളിൽ പ്രതിദിന കേസുകളിൽ നാല്പത് ശതമാനം വർധനയുണ്ടായി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതൽ. മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ പിന്തുടരുന്നതിൽ വീഴ്ച്ച സംഭവിച്ചതാകാം കേസുകളുയരാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനിടെ പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ ചികിത്സയിലാണ് പ്രിയങ്ക. നേരത്തെ സോണിയ ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Loading...